M@@Nu Pathappiriyam
Manjeri

Facebook Badge

Tuesday, November 1, 2011

The Great MALAPPURAM

'ആരാ ഇങ്ങളോട് പറഞ്ഞത്, ഇബിടെ പെണ്ണ്ങ്ങക്ക് സ്വാതന്ത്ര്യമില്ലാന്ന്?', മലപ്പുറത്തിന്റെ മാറുന്ന കാഴ്ചകള്‍...



മലപ്പുറത്തെത്തി അതിശയപ്പെട്ടു നില്‍ക്കുന്നവരുടെ ശ്രദ്ധയ്ക്ക്. ദയവു ചെയ്ത് നിങ്ങള്‍ ആ ഫോണിലെ മ്യൂസിക് പ്ലേയര്‍ സൈലന്റ് ആക്കുക. ഇമ്പമാര്‍ന്നൊരു മാപ്പിളപ്പാട്ടിന്റെ ഈണത്തില്‍ ആരും പറഞ്ഞുതരും മലപ്പുറം പെരുമ. 1969 ആണ് മലപ്പുറത്തിന്റെ ഡേറ്റ് ഓഫ് ബര്‍ത്ത്. അതിനും മുമ്പേ ഏറനാടും വള്ളുവനാടുമായിരുന്നു മലപ്പുറം. ഖിലാഫത്ത് പ്രസ്ഥാനവും മാപ്പിള ലഹളയും ഇവിടെ നടന്നതാണ്, തുഞ്ചത്ത് സ്മാരകവും എം എസ് പി ക്യാംപും നിളയും തിരുനാവായയും ഇവിടെയാണ്... എന്നൊന്നുമല്ല. നല്ല അസല്‍ മോയിന്‍ കുട്ടി വൈദ്യര്‍ ശൈലിയില്‍ 'ബദ്‌റുല്‍ ഹുദാ യാസീനും നബിഹറജായ് അന്നേരം..' മുതല്‍. ഏതു പോലീസുകാരന്റെ ഫോണിലും കേള്‍ക്കാം, റിംഗ് ടോണായി ഇതേ ശീല്. 'ജ്ജ് അറിയ്വോ? ഞമ്മക്ക് രണ്ട് ദേശീയഗാനം ണ്ട്, ഒന്ന് ജനഗണമനയും പിന്നെ മാപ്പിളപ്പാട്ടും..' തിരൂരിലെ കൂള്‍ബാറുകാരന്‍ സത്താര്‍ പൊടുന്നനെ ഒരു ഗായകനാവുന്നു. പുതിയ പാട്ടുകളും പാട്ടുകാരുമുണ്ടെങ്കിലും ഇന്നും മോയിന്‍കുട്ടി വൈദ്യരുടെ പാട്ടുകള്‍ തന്നെയാണ് മൂപ്പര്‍ക്ക് പ്രിയം. ചരക്കുമായി രാക്കാലങ്ങളില്‍ ഊടുവഴികളിലൂടെ പോവുന്നñവണ്ടിക്കാര്‍ക്കും തോണിപ്പണിക്കാര്‍ക്കുമൊക്കെ പാടാനുണ്ടായിരുന്നത് ഒരേ ഈരടികള്‍. അപ്പോള്‍ അവര്‍ എല്ലാ ദു:ഖവും മറക്കും. രാജകുമാരിയായ ഹുസ്‌നുല്‍ജമാലിന്റേയും മന്ത്രിപുത്രനായ ബദ്‌റുല്‍ മുനീറിന്റേയും പ്രണയകഥ ഓര്‍ക്കും. ഇപ്പോള്‍ നെഞ്ചിനുള്ളില്‍ കുടിയിരിക്കുന്ന ഫാത്തിമ വന്നതു മുതല്‍ യങ്‌സ്‌റ്റേര്‍സിന് ഇച്ചിരി ടേസ്റ്റ് മാറ്റമുണ്ടായിട്ടുണ്ടെന്ന് ഷാര്‍ജ ഷെയ്ക്ക് കുടിക്കാന്‍ വന്ന രെമിത്തും അന്‍വറും അഭിപ്രായപ്പെട്ടു.

ഒരു സെവന്‍സ് കഥ

രംഗം മമ്പാട്ടെ ഒരു ഫുട്‌ബോള്‍ ഗ്രൗണ്ട്. വാശിയേറിയ സെവന്‍സ് മത്‌സരം നടക്കുകയാണ്. ലയണല്‍ മെസി, വെയ്ന്‍ റൂണി ടീഷര്‍ട്ടുകളണിഞ്ഞ് കൊച്ചുകുട്ടികള്‍ തൊട്ട് വയോവൃദ്ധര്‍ വരെ ഗാലറിയിലുണ്ട്. ഇരുടീമുകളിലും ഘാനയില്‍ നിന്നും നൈജീരിയയില്‍ നിന്നുമൊക്കെയുള്ള ബ്ലാക്ക് ബ്യൂട്ടികളും കൂടെ കുറച്ചു നാടന്‍ പുലികളും. (തെറ്റിദ്ധരിക്കരുത്, മലപ്പുറത്തുകാര്‍ ഉശിരുള്ളവരെയെല്ലാം പുലികളെന്നു വിളിക്കും) വിസില്‍ മുഴങ്ങി. ഇരുടീമുകളും ഒപ്പത്തിനൊപ്പം മുന്നേറുകയാണ്. ഗോളെന്നുറപ്പിച്ച ഒരു കിക്ക് അര്‍ജന്റീനിയന്‍ ജഴ്‌സിയണിഞ്ഞ ഗോള്‍കീപ്പര്‍ തട്ടിയകറ്റിയപ്പോള്‍ വലതുവശത്തിരുന്നയാളുടെ ആത്മഗതം. 'പടച്ചോനേ, ജ്ജ് കാത്തു..' എന്നാല്‍ തൊട്ടടുത്ത നിമിഷം ഇംഗ്ലീഷ് ജഴ്‌സിയണിഞ്ഞ ടീം പെനാല്‍റ്റിയിലൂടെ വല കുലുക്കിയപ്പോള്‍ ഇടതുവശത്തിരുന്നയാള്‍ ആവേശത്തോടെ അലറാന്‍ തുടങ്ങി. 'സാമിനാമിനാ, ഓ, ഓ.. വക്കാ, വക്കാ ഓ, ഓ..' ഗോളടിച്ച കളിക്കാരനെ അപ്പോഴേക്കും സഹകളിക്കാരും ഫാന്‍സും എടുത്തുയര്‍ത്തി സ്‌നേഹിച്ചു തുടങ്ങിയിരുന്നു.



അടുത്തിരുന്ന ഫുട്‌ബോളറും കേരളസന്തോഷ് ട്രോഫി താരവുമായ എസ് ബി ടിയുടെ ഷബീര്‍ അലി ആ സ്‌നേഹപ്രകടനം പരിഭാഷപ്പെടുത്തി. 'ദേ, ഇതാണിവിടത്തെ പത്താമത്തെ രസം. ഗോളടിച്ചതിനു ശേഷമുള്ള ആഹഌദപ്രകടനം. എവിടെ പന്തു കണ്ടാലും കാലു കൊണ്ടു ഒന്ന് ഡ്രിബ്ള്‍ ചെയ്താലേ സമാധാനമാവൂ. കളീല് തോല്‍ക്കുന്നത് ആര്‍ക്കും ഇഷ്ടമല്ല. അത് നാടിന്റെ തോല്‍വിയായി കാണും. അതുകൊണ്ടാ, ഇത്രേം വാശിയും ആവേശവുമല്ലാം.. എന്നാലും ഇഞ്ചുറി ടൈമില്‍ ഗോളടിക്കുന്നവനെ ഞങ്ങള് ബല്ലാണ്ടങ്ങ് സ്‌നേഹിക്കും. അതിപ്പം റൂണിയായാലും മെസിയായാലും ആരായാലും..'

ഒരു ഗള്‍ഫ് കഥ

'മോനേ, അന്നൊക്കെ ആയിരത്തഞ്ഞൂറോളം ആളെ കൊള്ളുന്ന വല്യ കപ്പലിലായിരുന്നു, ദുബായീപ്പോക്ക്. ഒമ്പത് ദിവസമെടുക്കും അക്കരേലെത്താന്‍. ഈനെടക്ക് ചെലപ്പോ കപ്പലില്‍ തീ പിടുത്തോം കാറ്റും മഴയുമൊക്കെയുണ്ടാവും. എന്നാലും അതൊരു ഒന്നൊന്നര യാത്ര തന്നെയായിര്ന്ന്. ആടെ പേപ്പറ് വിക്കലായിരുന്നു പണി. അന്നൊക്കെ ജനങ്ങക്ക് ആകാശത്തൂടെ പറക്കുന്ന വീമാനത്തേക്കാള്‍ കപ്പലുകള് തന്നെയായിര്ന്നു ഇഷ്ടം. അതോണ്ട് തന്നെ വിമാനക്കമ്പനികള് ആള്വോളെ ആകര്‍ഷിക്കാന്‍ ഇപ്പംള്ളതു പോലെ കൊറേ ഓഫറുകളും വച്ചിരുന്നു.' ആദ്യകാല ഗള്‍ഫുകാരനായ മക്കരപ്പറമ്പിലെ കുഞ്ഞിമുഹമ്മദ് ഹാജി പഴയ അനുഭവങ്ങള്‍ പറഞ്ഞു കേള്‍പ്പിക്കാന്‍ ഒരാളെ കിട്ടിയ സന്തോഷത്തിലാണ്.


തന്റെ സിന്ദ് ബാദ് സാഹസിക യാത്രകളെക്കുറിച്ചോര്‍ക്കുമ്പോള്‍ ഇന്നും ഹാജിയുടെ വാക്കുകളില്‍ 20 കാരന്റെ ആവേശം. ഉള്‍നാടുകളില്‍ പിന്നെയുമുണ്ട്, പഴയ കാല റിട്ടയേര്‍ഡ് ഗള്‍ഫുകാര്‍. ഓരോ വീട്ടിലും കാണാം, മിനിമം ഒന്നെങ്കിലും പ്രവാസി. ചരിത്രകാരനായ ഡോ. എം ഗംഗാധരന്റെ അഭിപ്രായത്തില്‍ മലപ്പുറം ഗള്‍ഫില്‍ പോവുന്നവരുടെ, പോവാനിരിക്കുന്നവരുടെ, പോയി വന്നവരുടെ നാടു കൂടിയാണ്. മുമ്പ്, പാസ്‌പോര്‍ട്ടും വിസാ പ്രശ്‌നവുമൊക്കെയായി അന്യനാട്ടുകാരെയൊക്കെ ഗള്‍ഫില്‍ നിന്നും തിരികേ പറഞ്ഞയക്കുമ്പോള്‍, മലപ്പുറംകാരനെ മാത്രം പറഞ്ഞയക്കാന്‍ അറബി ഒന്ന് മടിച്ചിരുന്നുവത്രേ. എല്ലുമുറിയുവോളം അധ്വാനിക്കുന്ന മനസ് തന്നെ കാരണം.

ഒരു കച്ചവടക്കഥ

'ആരാ ഇങ്ങളോട് പറഞ്ഞത്, ഇബിടെ പെണ്ണ്ങ്ങക്ക് സ്വാതന്ത്ര്യമില്ലാന്ന്? ഓലെയൊന്ന് കാണണംല്ലോ?' സിവില്‍ സ്‌റ്റേഷനില്‍ വിപണനസ്റ്റാളൊരുക്കിയ സഫിയയ്ക്ക് ചോദ്യം തീരെ ഇഷ്ടപ്പെട്ടില്ല. ഇപ്പോഴെങ്ങാനും സ്വാന്തന്ത്ര്യമില്ലെന്ന് പറഞ്ഞയാളെ കയ്യില്‍ കിട്ടിയാല്‍ സഫിയ ചിലപ്പോള്‍ മലപ്പുറം കത്തിയെടുത്തെന്നും വരും. അരിമുറുക്കും പെട്ടിയപ്പവും തേന്‍ നെല്ലിക്കയുമാണ് സഫിയയുടെ വിഭവങ്ങള്‍. കൂട്ടത്തില്‍ സ്‌പെഷ്യല്‍ തേന്‍ നെല്ലിക്കയും. എല്ലാ മാസാരംഭത്തിലും വിപണനമേള പതിവാണ്. കൂടെ സൈനബയും ലതയും കമലയുമൊക്കെ ഉണ്ട്. ഇവിടത്തെ പെണ്ണുങ്ങള്‍ കച്ചവടത്തിലും നിപുണരാണ്. 'പണ്ടിങ്ങനെയൊന്നുമായിര്ന്നില്ല. എല്ലാം, ഞങ്ങള് നോക്കാന്ന് പറഞ്ഞ് ആണ്ങ്ങളങ്ങ് പോകും. പെണ്ണ്ങ്ങള് പൊരക്ക് തന്നെ ഇരിക്കും. ഇന്ന് നേരെ മാറിവന്നിട്ട്ണ്ട് അവസ്ഥ. ആണ്ങ്ങളധ്വാനിക്ക്ന്ന്‌ണ്ടെങ്കിലും, ഞങ്ങള് പെണ്ണ്ങ്ങക്കും എന്തെങ്കിലും കച്ചവടമോ കുടുംബശ്രീയോ തൊടങ്ങാന്ള്ള സ്വാതന്ത്ര്യം ഓല് തന്നിട്ട്ണ്ട്...'' സഫിയ പറയുന്നതിനിടയില്‍ ഗുഡ്‌സ് വണ്ടിയോടിച്ച് മഞ്ചേരിയിലെ ജാംസ് സ്വയംസഹായസംഘത്തിലെ അംബികയും വന്നു. മറ്റു ജില്ലകളെ അപേക്ഷിച്ച് മെച്ചപ്പെട്ട റോഡുകള്‍ക്ക് ക്ലീന്‍ ചീട്ട് നല്‍കി അംബിക ഡ്രൈവര്‍.



സിവില്‍ സ്‌റ്റേഷനകത്തെ ഓഫീസില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സുഹ്‌റ മമ്പാടും സ്ത്രീസ്വാതന്ത്ര്യമില്ലായ്മ എന്ന ആരോപണം പുച്ഛിച്ചുതള്ളി. 'പഴയകാലമൊക്കെ കഴിഞ്ഞു. ഇപ്പോള്‍ മറ്റു ജില്ലകളിലെപ്പോലെ തന്നെയാണ് ഇവിടേയും. പുറത്തെ കച്ചവടക്കാരികളെപ്പോലെ അകത്തുമുണ്ട് ഭരണസാരഥ്യമേറ്റു നടത്തുന്ന സ്ത്രീകള്‍. വിദ്യാഭ്യാസരംഗത്തുമുണ്ട് ഇതേ സ്ത്രീസാന്നിധ്യം.'

ഒരു റാങ്ക് നേടിയ കഥ

ശരിയാണ്. പഴയ പഴിയായ വിദ്യാഭ്യാസക്കുറവിനും മലപ്പുറം പ്രായശ്ചിത്തം ചെയ്ത മട്ടാണ്. സംശയദുരീകരണത്തിന് മുന്നില്‍ ദേ, ഇക്കഴിഞ്ഞ മെഡിക്കല്‍ എന്‍ട്രന്‍സില്‍ ഒന്നാം റാങ്കുകാരനായ മറ്റത്തൂരിലെ വി. ഇര്‍ഫാനും വീട്ടുകാരും. തന്റെ വീട്ടുകാരെപ്പോലെ നാട്ടിലെ എല്ലാവരും ഇന്ന് വിദ്യാഭ്യാസത്തിന് ഏറെ പ്രാധാന്യം കൊടുക്കുന്നുണ്ടെന്ന് ഇര്‍ഫാന്റെ സാക്ഷ്യപത്രം. 'ഇപ്പം തന്നെ മറ്റത്തൂരില്‍ ഓരോ വീട്ടിലുമുണ്ട് ആണ്‍കുട്ടികളെന്നോ പെണ്‍കുട്ടികളെന്നോ കണക്കില്ലാതെ ഇഷ്ടം പോലെ വിവിധ പരീക്ഷകളില്‍ റാങ്ക് കിട്ടിയവര്.'

ഇപ്പോള്‍ നമ്മള്‍ നില്‍ക്കുന്നത്, ടൗണില്‍ തന്നെയുള്ള ഇന്‍സൈറ്റ് ട്യൂഷന്‍ സെന്ററില്‍. ആരാകാനാണ് ആഗ്രഹമെന്ന് ചോദിച്ചപ്പോള്‍ അവര്‍ മനസ് തുറന്നത് ഒരു എന്‍ട്രന്‍സ് ചോദ്യത്തിന് 'ടിക്ക്' ഇടുന്നതു പോലെ. ജിന്‍ഷിദ ടീച്ചറെന്നും രേഷ്മ ഡോക്ടര്‍ എന്നും അജ്മല്‍ ഐപിഎസ് എന്നും ഇര്‍ഷാദ എന്‍ജിനീയര്‍ എന്നും 'ടിക്കി'ട്ടു.. ആഴ്ചയില്‍ ഏഴു ദിവസവും ഇവര്‍ 'സ്റ്റഡിയിങ് ഡ്യൂട്ടി'യിലാണ്. 'അപ്പോ, സ്‌കൂളും ട്യൂഷനും എല്ലാം കൂടി നിങ്ങള് തളരില്ലേ?'
'അതിനെന്താ, ലക്ഷ്യം നേടിയിറ്റ് വിശ്രമിക്കാലോ?'

കുബ്ബൂസുണ്ടാക്കിയ കഥ

'അങ്ങനെ വല്യ കഥയൊന്നുമല്ല, ഞങ്ങളെല്ലാരും കൂടി ഒരു ദിവസമങ്ങ് തീരുമാനിച്ചു. അവസാനം ഇണ്ടായി വന്നപ്പോ, അത് കുബ്ബൂസ് തന്നെയാണോ എന്നായിനും പ്രധാനസംശയം. പിന്നെയങ്ങനത്തെ ഒരു പരീക്ഷണത്തിന് ഞങ്ങള് നിന്നിക്കില്ല. എന്നാലും നോമ്പ്തുറയ്ക്കും മറ്റും കക്കറോട്ടി, ചട്ടിപ്പത്തില് തൊടങ്ങി നാടന്‍ വിഭവങ്ങള് ധാരാളം ഇണ്ടാക്കാറുണ്ട്. ഇങ്ങള് ഒരു ദിവസം പറ, ഇങ്ങക്കിഷ്ടം പോലെ ഫോട്ടോയെട്ക്കാന്‍ ഞങ്ങള്ണ്ടാക്കിത്തരാം, സാധനങ്ങള്..'


കളക്ടര്‍ ബംഗ്ലാവിനടുത്തുള്ള ആമിന ഹൗസിലെ ഖദീജയും ടീമും പാചകവൈഭവത്തെപ്പറ്റി തകര്‍പ്പന്‍ പ്രഭാഷണത്തിലാണ്. ഇതിനിടെ ടീമിലെ യുവകില്ലാടിയായ മുഫീദയും ഓര്‍മ്മിപ്പിച്ചു. 'ഉമ്മ പറഞ്ഞത് ശെരിയാ, ഇങ്ങള് നോമ്പിനേനും വരണ്ടത്. അന്ന് വന്നിരുന്നെങ്കില് ഞങ്ങള് മലപ്പുറത്തുകാരുടെ പാചകവൈഭവം ശരിക്കും കാണേനും!'

'ഇവിടെ ഷവര്‍മ്മയും മജ്ബൂസും കുബൂസുമൊക്കെ ഇപ്പം സാധാരണാ, ഏകദേശം ഗള്‍ഫ് പോലെത്തന്നെയായില്ലേ, ഞമ്മളെ നാടും?' ഷംലയുടെ വാക്കുകളില്‍ ലോകമേറെ കണ്ട അനുഭവപരിചയം.

ജന്‍മപുണ്യത്തിന്റെ കഥ

'ആലിക്കാപ്പറമ്പ്, ചീനിക്കല്‍, മൂച്ചിക്കല്‍, പിലാക്കല്‍, പ്ലാമൂച്ചിക്കല്‍. അത്താണി, രണ്ടത്താണി, മരത്താണി, പുത്തനത്താണി, കുട്ടികല്ലത്താണി..'

പ്രാസമൊപ്പിച്ച് കൊണ്ടോട്ടിയിലെ സെയ്തുമുഹമ്മദ് പറയുമ്പോള്‍ അതിനൊരു പ്രത്യേക ചന്തമുണ്ട്. എല്ലാം കുമാരനാശാനെ തോല്‍പ്പിക്കുമാറ് വൃത്തവും താളവുമൊത്ത മലപ്പുറത്തെ സ്ഥലനാമങ്ങള്‍. ഹാജിയാര്‍ പള്ളിക്കടുത്തുള്ള തൂക്കുപാലത്തില്‍ വെച്ച് സ്‌പെഷ്യല്‍ റിപ്പോര്‍ട്ടുമായി അലവി ഹാജിയും മുഖം കാണിച്ച് ഒരു രഹസ്യം ബോധിപ്പിച്ചു. ഇതു പോലെ നൂറുകണക്കിന് പഴയതും പുതിയതുമായ തൂക്കുപാലങ്ങള്‍ ജില്ലയുടെ വിവിധ ഭാഗങ്ങളിലുണ്ട്. കാണാന്‍ മൊഞ്ചുള്ള ചെക്കന്‍മാര്‍ വന്ന് ഇവയുടെ പശ്ചാത്തലത്തില്‍ ആല്‍ബങ്ങള്‍ ഷൂട്ട് ചെയ്യും. മലപ്പുറത്തിന്റെ സ്വന്തം ശിഹാബ് തങ്ങളുടെ ഫോട്ടോയും ഏറ്റവും കൂടുതലെടുത്തിരിക്കുന്നത് ഇതു പോലുള്ള പാലങ്ങളുടെ പശ്ചാത്തലത്തിലാണത്രേ.



ആവലാതികള്‍ പറയാനും പ്രശ്‌നപരിഹാരത്തിനുമൊക്കെയായി ഇന്നും ജാതിമതഭേദമെന്യേ, ആള്‍ക്കാര്‍ കൊടപ്പനക്കലിലേക്ക് ഒഴുകും. 'പലര്‍ക്കും പല പ്രശ്‌നങ്ങളാണ്. ചിലര്‍ക്ക് മക്കളുടെ പ്രശ്‌നങ്ങള്‍, ചിലര്‍ക്ക് സാമ്പത്തികപ്രശ്‌നങ്ങള്‍ അങ്ങനെ. ബാപ്പയുള്ളപ്പോഴും ഇപ്പോഴും എല്ലാ ചൊവ്വാഴ്ചയും ഞങ്ങള്‍ ഇവിടെത്തന്നെയുണ്ടാവും.' പിതാവ് ശിഹാബ് തങ്ങളുടെ ഓര്‍മകളുമായി വീട്ടുമുറ്റത്ത് എത്തുന്നവരെക്കുറിച്ച് വാചാലനാവുന്നു, മകന്‍ മുനവറലി ശിഹാബ് തങ്ങള്‍.

ബ്ലോഗുണ്ടാക്കിയ കഥ

ഇനിയല്‍പം ഔദ്യോഗികകാര്യം. പറയുന്നത് വിദ്യാഭ്യാസമന്ത്രി പി കെ അബ്ദുറബ്ബ്. 'കേരളത്തിലെ ഏത് പദ്ധതിയും ഏറ്റെടുത്ത് വിജയിപ്പിക്കാന്‍ പ്രത്യേക താല്‍പര്യമാണ് ജില്ലയ്ക്ക്. വിദ്യാഭ്യാസപിന്നോക്കജില്ലയെന്ന ആരോപണമൊക്കെ എപ്പോഴേ പിന്നിട്ടു കഴിഞ്ഞു. സാക്ഷരതയായാലും അക്ഷയയായാലും തൊഴിലുറപ്പു പദ്ധതിയായാലും വിജയിപ്പിക്കാന്‍ ജില്ല മുന്നില്‍ നില്‍ക്കും.'

'ഞാന്‍ ബ്ലോഗെഴുത്ത് തുടങ്ങിയത് പ്രധാനമായും ഭാര്യയ്ക്കു വേണ്ടിയാണെന്ന് പറയാം. നാടിന്റെ തമാശകള്‍ മാത്രമല്ല, പഞ്ചായത്ത് മെംബറായ ഭാര്യ ഫാത്തിമയുടെ പഞ്ചായത്ത് പദ്ധതികളെപ്പറ്റി വരെയുണ്ട് അതില്‍. 'സിദ്ധീഖ് ഗൂഗിളില്‍ സമര്‍ഥിച്ചു. നല്ല ഫോളോവേര്‍സ് ഉണ്ടോ എന്ന് ചോദിച്ചപ്പോള്‍ ഞാനും എന്റെ പഞ്ചായത്ത് ടീമും സ്ഥിരം ഫോളോവേര്‍സ് ആണെന്ന് ഫാത്തിമയും. കേരളത്തില്‍ ഏറ്റവും കൂടുതല്‍ ബ്ലോഗര്‍മാരും യു ട്യൂബ് അപ്‌ലോഡര്‍മാരും ഈ നാട്ടിലാണ്. യു ട്യൂബില്‍ വെറുതെ മലപ്പുറം എന്ന് ടൈപ്പ് ചെയ്താല്‍ കാണാം അക്കമിട്ട് മലപ്പുറം വിശേഷം. കുറ്റിപ്പുറത്തെ വാര്‍ഡ് മെമ്പറായ സിദ്ധീഖ് അലി രാങ്ങാട്ടൂര്‍ എന്ന പ്രാസംഗികനാണ് പുത്തന്‍ താരം. രാഷ്ട്രീയഭേദമന്യേ സകലരും ഡൗണ്‍ലോഡ് ചെയ്യുന്നു അദ്ദേഹത്തിന്റെ പ്രസംഗങ്ങള്‍.

'മോഡലാ'യ കഥ

ഇടവേളയിലല്‍പം മലപ്പുറം ഓണ്‍ലി തമാശകളറിയാനാണ് മലപ്പുറത്തിന്റെ ബ്യൂട്ടി സ്‌പോട്ടായ കോട്ടക്കുന്നിലെത്തിയത്. തമാശ പറയുമ്പോള്‍ പണ്ട് ഇലക്ഷനില്‍ ആയിരമല്ല, പതിനായിരമല്ല, തൊള്ളാാായിരക്കണക്കിന് വാഹനങ്ങളുടെ അകമ്പടിയോടു കൂടി വന്ന സീതിഹാജിയാണവരുടെ സ്റ്റാര്‍. കോട്ടക്കുന്നിലും കേട്ടു, അത്തരം നൂറുനൂറെണ്ണം. വിമാനത്താവളത്തില്‍ മൃൃശ്മഹ എന്നെഴുതിയത് കണ്ട് 'അള്ളാ, ഇബടേയും മാര്‍കിസ്റ്റുകാര് കൈയ്യേറിയോ' എന്ന് ചോദിച്ച സീതിഹാജി. തണ്ണിമത്തന്റെ ചുവന്ന ഭാഗം കളഞ്ഞ് പച്ചഭാഗം മാത്രം ഭക്ഷിച്ച് വിശപ്പു മാറ്റിയ സീതിഹാജി.. എന്ത് അബദ്ധം പറ്റിയാലും അവര്‍ സീതിഹാജിയുടെ പേരില്‍ ചാര്‍ത്തും. ആ ചാര്‍ത്തലിന് ഒരു അതിര്‍വരമ്പുമില്ലെന്നത് സത്യം. 'നിത്യജീവിതത്തിലെ മലപ്പുറം തമാശകള്‍ പിന്നീടു വെളിപ്പെടുത്താനായി അടുക്കി വെച്ചാല്‍ വിക്കിലീക്‌സുകാരനും തോറ്റുപോകു'മെന്ന് കേരളസംസ്‌കൃതി ആക്ടിങ് പ്രസിഡന്റ് ഫസല്‍ കിളിയാമന്നേലും പറയുന്നു, അനുഭവത്തില്‍ നിന്ന്.



കോട്ടക്കുന്നില്‍ തലേദിവസത്തെ ആഘോഷ ബാക്കിപത്രങ്ങള്‍ തൂത്തുവാരാന്‍, മൈമൂനയും റാബിയയും ശോഭനയും അതിരാവിലെ തന്നെ ഹാജറുണ്ട്. കോട്ടക്കുന്നിന്റെ ബ്യൂട്ടീഷ്യന്‍മാര്‍. ഇതിന്റെ ഉച്ചിയില്‍ നിന്ന് നോക്കിയാല്‍ പട്ടണം ഒരു കലണ്ടര്‍ ചിത്രം പോലെ തെളിഞ്ഞു നില്‍ക്കുന്നത് കാണാം. ഓണത്തിനും പെരുന്നാളിനും ക്രിസ്തുമസിനും ഇതു തന്നെ നാട്ടുകാരുടെ ഇഷ്ടലൊക്കേഷന്‍. 'ആറേഴുവര്‍ഷേ ആയുള്ളൂ, ഈ പാര്‍ക്ക് തൊടങ്ങീറ്റ്. അന്നുമുതല് ഞങ്ങള് ഇവിടെയുണ്ട്.' മൂന്ന് ബ്യൂട്ടീഷന്‍മാരും വിശദീകരിക്കുന്നതിനിടയില്‍ ഫോട്ടോയ്ക്കും പോസ് ചെയ്തു.

അഭിനേത്രിയുടെ കഥ

ഒരു കാര്യം ഉറപ്പാണ്. മീഡിയകളും മറ്റും വ്യാപകമായതിനാല്‍ മലപ്പുറത്തുകാരനും ഭാഷയൊന്ന് പരിഷ്‌ക്കരിക്കാന്‍ ശ്രമിച്ചിട്ടുണ്ട്. എങ്കിലും അവിചാരിതമായി വരുന്ന കൂട്ടുകാരന്റെ ഫോണ്‍ കോളുകള്‍ക്ക് ആളടുത്തുള്ളതോര്‍ക്കാതെ മറുപടി പറയുന്നു. 'എന്താ, ചെങ്ങായി? ജ്ജ് കൊറേയായല്ലോ വിളിച്ചിട്ട്? ഇപ്പോ എത്തിനാ പരിപാടി?' മലപ്പുറം ബസിലൂടെ യാത്ര ചെയ്യുമ്പോഴാവും ഈ കാര്യം നിങ്ങളുടെ ശ്രദ്ധയില്‍ പെടുക. ബസില്‍ ടിക്കറ്റ് മുറിക്കുന്ന ഏര്‍പ്പാട് ഏതായാലും ഇവിടെ ഇല്ല. ബസ് മുതലാളിയ്ക്ക് ചെക്കറേയും ചെക്കര്‍ക്ക് കണ്ടക്ടറേയും കണ്ടക്ടര്‍ക്ക് യാത്രക്കാരനേയും പരിപൂര്‍ണവിശ്വാസമാണ്.

മഞ്ചേരിയില്‍ വെച്ച് നിലമ്പൂരേക്കുള്ള ബസ് യാത്രയില്‍ അവിചാരിതമായി കൂടെ കൂടിയ ഷംസീറിന് നിലമ്പൂരില്‍ കാലെടുത്തു കുത്തണമെങ്കില്‍ ചുരുങ്ങിയത് തന്റെ ടീഷര്‍ട്ടെങ്കിലും ഊരി വയ്‌ക്കേണ്ടി വരും. 'പെങ്ങളെ കെട്ടിയ വകയില്‍ തരാനുള്ള സ്ത്രീധനകാശ് എപ്പോള്‍ തരും അളിയോ?' എന്നാണ് ഷംസീറിന്റെ ടീഷര്‍ട്ട് ചോദ്യം. ഇതുമിട്ടോണ്ട് എങ്ങനെ സമ്പൂര്‍ണ സ്ത്രീധനനിരോധനഗ്രാമമായ നിലമ്പൂരില്‍ ചെല്ലും? തേക്കുമ്യൂസിയവും പ്രകൃതിരമണീയ കാഴ്ചകളും കാടുകള്‍ക്കിടയിലൂടെയുള്ള ട്രെയിന്‍ യാത്രയും കഴിഞ്ഞാല്‍ ഇതാണ് പുതിയ വാര്‍ത്ത. എങ്കിലും ഇടത്തരക്കാരില്‍ ഇതൊക്കെ പൂര്‍ണമായി പാലിക്കപ്പെടുന്നുണ്ടോ എന്ന സംശയമാണ് സാമൂഹ്യപ്രവര്‍ത്തക അഡ്വ. സുജാത വര്‍മയ്ക്കുള്ളത്.'സ്ത്രീധനപ്രശ്‌നങ്ങള്‍ കുറഞ്ഞിട്ടുണ്ടെങ്കിലും ഇടത്തരക്കാരില്‍ അനൗദ്യോഗിക വിവാഹമോചനങ്ങളും മറ്റും ധാരാളമായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്.' സുജാത തന്റെ കേസ് ഡയറിയുടെ താളുകള്‍ മറിച്ചു.



'ആദ്യകാലങ്ങളില്‍ 'ദേ വന്നിരിക്കുന്നു കേരള നൂര്‍ജഹാന്‍!' എന്ന് പരിഹസിച്ചവരുണ്ടെങ്കിലും ഇപ്പോഴതെല്ലാം പഴങ്കഥയായി മാറിയതോര്‍ത്ത് കാലത്തിന്റെ മാന്ത്രികതയില്‍ അത്ഭുതപ്പെടുന്നു കലാകാരിയും അഭിനേത്രിയുമായ നിലമ്പൂരിന്റെ സ്വന്തം ആയിഷ. 'മുമ്പ് നാടകവുമായി നടക്ക്‌ന്നേരം എയര്‍ ഗണ്‍ ഉപയോഗിച്ച് കൊല്ലാന്‍ ശ്രമിച്ചവര്‍ വരെയുണ്ട്. ഇന്ന് പക്ഷേ, കലയും അഭിനയവുമെല്ലാം നാട്ടുകാര്‍ക്ക് പെരുത്തിഷ്ടാണ്.' കലാസ്വാദനത്തില്‍ വന്ന പുത്തന്‍ മാറ്റങ്ങളെപ്പറ്റി വിശദീകരിക്കുമ്പോള്‍ അവര്‍ക്ക് നൂറു നാവ്. 'ജ്ജ് നല്ലൊരു മനിസനാകാന്‍ നോക്ക്'എന്ന ആദ്യനാടകത്തില്‍ അഭിനയിക്കുമ്പോള്‍ സ്ത്രീകളുമായി നല്ല പരിചയം വേണം എന്ന സംവിധായകന്റെ നിര്‍ദേശം അനുസരിക്കാന്‍ പോയ കഥ ഇപ്പോഴും ഓര്‍ക്കുന്നു. സീന്‍ തുടങ്ങുന്നതിനു മുമ്പ് സദസിലെ സ്ത്രീകള്‍ക്കിടയില്‍ പോയി ഇരുന്നു. അടുത്തിരിക്കുമ്പോഴെല്ലാം അവര്‍, നീങ്ങിയിരിക്കുകയാണ്. പിന്നെയാണ് മനസിലായത്. അവര് സ്ത്രീവേഷം കെട്ടിയ പുരുഷന്‍മാരായിരുന്നെന്ന്!'

ഒരു തിരുവാതിര ചവിട്ടിയ കഥ

പൊന്നാനിയിലെ നൂറ്റാണ്ടുകള്‍ പഴക്കമുള്ള പള്ളി കണ്ടുകഴിഞ്ഞാല്‍ പൊന്നാനിപ്പുഴയും ജങ്കാറും കയറി, തിരൂരിലുള്ള വാഗണ്‍ ട്രാജഡിയിലെ 44 ശുഹദാക്കളെ അടക്കം ചെയ്ത കോരങ്ങത്ത് ജുമാമസ്ജിദിലെത്താം. മാപ്പിള ലഹളയുടെ പ്രതീകങ്ങള്‍. അതിനരികിലെ വാഗണ്‍ ട്രാജഡി സ്വാതന്ത്ര്യസമരസ്മാരക സമുച്ചയത്തിലെ കലാപരിപാടികളുടെ ആരവത്തിനിടയിലായിരുന്നു ഒരു കൂട്ടം സുന്ദരികള്‍. ഫോട്ടോയ്ക്കു പോസ് ചെയ്യാമോ എന്നു ചോദിച്ചപ്പോള്‍ തിരുവാതിരച്ചുവടുകള്‍ വെച്ച്, തട്ടമിട്ട് മുടി മറച്ച് നുസ്‌റത്തും റഫിയയും, ഷബീനയും അഫ്‌നത്തും ഷീബയും താളത്തില്‍ ചവിട്ടി. 'ഇങ്ങള് നേരത്തെ വന്നിരുന്നെങ്കില് ഇവര് ഒപ്പനവേഷത്തിലായിരുന്നു. ദേ, ഇപ്പം അഴിച്ച്‌വെച്ച് ഇത് കെട്ടിയതേയുള്ളൂ.' പരിപാടികളുടെ സംഘാടകരിലൊരാളായ ടെക്‌മോസിസ് ഐ ടി അക്കാദമി അധ്യാപകന്‍ ക്ലെയറിന്റെ വാക്കുകളില്‍ മലയോളം സഹകരണമനോഭാവം.


ശരിയാണ്. നാട്ടുകാരുടെ ഈ സ്‌നേഹവും പരിചരണവും കാണുമ്പോള്‍ ഇവിടെ നിന്ന് സ്ഥലംമാറ്റത്തിന് അപേക്ഷിക്കാന്‍ നൂറ്റൊന്നാവര്‍ത്തി ചിന്തിക്കുമെന്ന് പറഞ്ഞ കോട്ടയത്തുകാരന്‍ നൗഫലിനെ കുറ്റപ്പെടുത്താന്‍ കഴിയുകയേയില്ല!

Tuesday, January 25, 2011

വെല്ലുവിളികള്‍ക്കിടയില്‍ വിന്‍ഡോസിന് 25


കമ്പ്യൂട്ടറിന്റെ പര്യായം തന്നെയായിരുന്നു അടുത്തകാലം വരെ മിക്കവര്‍ക്കും മൈക്രോസോഫ്ട് വിന്‍ഡോസ് (Windows) എന്നത്. എതിരാളികളില്ലാതെ അരങ്ങ് വാണ വിന്‍ഡോസ് ഓപ്പറേറ്റിങ് സിസ്റ്റം പുത്തന്‍ കാലത്തിന്റെ വെല്ലുവിളികള്‍ നേരിടുകയാണ്. സ്വതന്ത്ര സോഫ്ട്‌വേറുകള്‍ വിന്‍ഡോസിന് ബദലാകാന്‍ വര്‍ഷങ്ങളായി ശ്രമിക്കുന്നുണ്ടെങ്കിലും, ടാബ്‌ലറ്റ് കമ്പ്യൂട്ടറുകളും മൊബൈല്‍ ഉപകരണങ്ങളുമാണ് പുത്തന്‍ കാലത്ത് വിന്‍ഡോസിന്റെ പ്രസക്തി തന്നെ ചോദ്യം ചെയ്യുന്ന നിലയിലേക്ക് കാര്യങ്ങളെത്തിച്ചിരിക്കുന്നത്. ഒപ്പം ഇന്റര്‍നെറ്റ് ഭീമനായ ഗൂഗിള്‍ അതിന്റെ ഓപ്പറേറ്റിങ് സിസ്റ്റമായ ക്രോം ഒഎസ് പുറത്തിറക്കാന്‍ പോകുന്നു എന്ന ഭീഷണിയും ശക്തമായുണ്ട്.

ഈ വെല്ലുവിളികള്‍ക്ക് നടുവില്‍ വിന്‍ഡോസ് 25 പിന്നിട്ട കാര്യം മിക്കവരും ശ്രദ്ധിച്ചു പോലുമില്ല. അതെ, കഴിഞ്ഞ നവംബര്‍ 20 ന് മൈക്രോസോഫ്ട് വിന്‍ഡോസിന് 25 വയസ്സായി. 1985 നവംബര്‍ 20 നായിരുന്നു ആദ്യ പതിപ്പായ വിന്‍ഡോസ് 1.0 പുറത്തു വന്നത്. പിന്നെ വിജയഗാഥകള്‍ മാത്രമായിരുന്ന വിന്‍ഡോസിന്റെ ചരിത്രത്തില്‍ വിടര്‍ന്നത്. ഇത്രമാത്രം സ്വീകാര്യതയും പ്രശസ്തിയുമാര്‍ജിച്ച മറ്റേതെങ്കിലും സോഫ്ട്‌വേര്‍ ലോകത്തുണ്ടായിട്ടില്ല. അങ്ങനെയുള്ള വിന്‍ഡോസ് ഓപ്പറേറ്റിങ് സിസ്റ്റത്തിന് ഭാവിയില്‍ അതിന്റെ സ്വീകാര്യതയും ജനപ്രിയതയും നിലനിര്‍ത്താന്‍ കഴിയുമോ എന്നതാണ് ചോദ്യം. അതിന്റെ പ്രതിഫലനം തന്നെയല്ലേ, ഇത്രയും പ്രശസ്തമായ ഈ സോഫ്ട്‌വേര്‍ കാല്‍നൂറ്റാണ്ട് പിന്നിടുന്ന കാര്യം അധികമാരും ശ്രദ്ധിച്ചു പോലുമില്ല എന്നത്.

കാല്‍നൂറ്റാണ്ടിനിടെ വിന്‍ഡോസിന് ഒന്‍പത് മുഖ്യ പതിപ്പുകളുണ്ടായി. അതില്‍ ഏറ്റവും ഒടുവിലത്തേതാണ് വിന്‍ഡോസ് 7. നെറ്റ്‌വര്‍ക്ക് അധിഷ്ഠിത ഓപ്പറേറ്റിങ് സിസ്റ്റമായ വിന്‍ഡോസ് എന്‍ടിയുടെ ആറ് മുഖ്യപതിപ്പുകള്‍ക്കൂടി ഇതിനൊപ്പം ചേര്‍ക്കണം, എങ്കിലേ കഥ പൂര്‍ത്തിയാകൂ. ഇന്ന് ലോകത്തുള്ള പേഴ്‌സണല്‍ കമ്പ്യൂട്ടറുകളില്‍ 90 ശതമാനത്തിലും നെറ്റ്‌വര്‍ക്ക് കമ്പ്യൂട്ടറുകളില്‍ 70 ശതമാനത്തിലും മൈക്രോസോഫ്ടിന്റെ വിന്‍ഡോസ്് പതിപ്പുകളാണ് ഉപയോഗിക്കുന്നത്.

അല്‍പ്പം ചരിത്രം


1975 ല്‍ കമ്പ്യൂട്ടര്‍ വിദ്യാര്‍ഥിയായ ബില്‍ ഗേറ്റ്‌സും സഹപാഠിയായ പോള്‍ അലനും ചേര്‍ന്ന് രൂപം നല്‍കിയ മൈക്രോസോഫ്ട് കമ്പനി, എം.എസ്. ഡോസ് എന്ന ഓപ്പറേറ്റിങ് സിസ്റ്റത്തിന് രൂപംനല്‍കിക്കൊണ്ടാണ് ആദ്യം ശ്രദ്ധേയമാകുന്നത്. കമ്പ്യൂട്ടര്‍ നിര്‍മ്മാതാക്കളായ ഐ.ബി.എം ന്റെ ആവശ്യാര്‍ത്ഥം മൈക്രോസോഫ്ട് നിര്‍മ്മിച്ച എം.എസ്.ഡോസ് 1981 ല്‍ പുറത്തിറങ്ങി. വിന്‍ഡോസ് നിര്‍മിക്കുന്നതായുള്ള പ്രഖ്യാപനം മോക്രോസോഫ്ട് 1983 ല്‍ നടത്തി. 'ഇന്റര്‍ഫേസ് മാനേജര്‍' എന്നാണ് പ്രൊജക്ട് അറിയപ്പെട്ടിരുന്നത്.

ഓപ്പറേറ്റിങ് സിസ്റ്റവും ഇതേ പേരില്‍ അറിയപ്പെടാനാണ് ആദ്യം തീരുമാനിച്ചതെങ്കിലും, പിന്നീട് മൈക്രോസോഫ്ടിന്റെ മാര്‍ക്കറ്റിങ് മാനേജരായിരുന്നു റോളണ്ട് ഹാന്‍സണ്‍ ആണ് അതിന് 'വിന്‍ഡോസ്' എന്ന പേരിട്ടത്. നിര്‍മ്മാണം പൂര്‍ത്തിയായെങ്കിലും ഐ.ബി.എം വിന്‍ഡോസ് ഏറ്റെടുക്കാന്‍ വിസമ്മതിച്ചതുകാരണം ആ ഓപ്പറേറ്റിങ് സിസ്റ്റം പുറത്തിറങ്ങുന്നത് നീണ്ടുപോയി. ഒടുവില്‍ വിന്‍ഡോസിനെ സ്വതന്ത്രമായി വിപണിയിലിറക്കുക എന്ന നിലപാടില്‍ മൈക്രോസോഫ്‌ടെത്തി. അങ്ങനെയാണ് 1985 ല്‍ വിന്‍ഡോസ് ആദ്യമായി രംഗത്തെത്തുന്നത്.

എം.എസ്.ഡോസില്‍ നിന്ന് വ്യത്യസ്തമായി മൗസുകളുടെ ഉപയോഗം വിന്‍ഡോസില്‍ സാധ്യമായി, മാത്രമല്ല, ഒരേ സമയം ഒന്നിലധികം ആപ്ലിക്കേഷനുകള്‍ പ്രവര്‍ത്തിപ്പിക്കാനും അതില്‍ കഴിഞ്ഞു. ഇത്തരം ചില കാര്യങ്ങളൊഴിവാക്കിയാല്‍, എം.എസ്.ഡോസിനെ ഗ്രാഫിക്കലായി വിപുലീകരിച്ച രൂപമായിരുന്നു വിന്‍ഡോസ് 1.0 പതിപ്പിന്. ആ പതിപ്പിനൊപ്പം 'വിന്‍ഡോസ് പെയിന്റ്', 'വിന്‍ഡോസ് റൈറ്റ്', 'വേര്‍ഡ് പ്രൊസസ്സര്‍', കലണ്ടര്‍, നോട്ട്പാഡ്, കാര്‍ഡ്ഫയലര്‍, കമ്പ്യൂട്ടര്‍ ടെര്‍മിനല്‍, കണ്‍ട്രോള്‍ പാനല്‍, ക്ലിപ്‌ബോര്‍ഡ് തുടങ്ങിയും ലഭ്യമാക്കിയിരുന്നു. കൂടെ 'റിവേര്‍സി' എന്ന ഒരു ഗെയിമും.

ഇന്ന് മൈക്രോസോഫ്ടിന് വെല്ലുവിളി ഗൂഗിളാണെങ്കില്‍, ആദ്യകാലത്ത് മുഖ്യ പ്രതിയോഗി ആപ്പിളായിരുന്നു. വിന്‍ഡോസിന്റെ ആദ്യപതിപ്പിന് ആപ്പിളിന്റെ ഓപ്പറേറ്റിങ് സിസ്റ്റത്തോട് മത്സരിച്ച് വിജയിക്കാനായില്ല. അന്ന് ആപ്പിളാണ് പ്രധാന ഡെസ്‌ക്ടോപ്പ് നിര്‍മാതാക്കള്‍. അവരുടെ കമ്പ്യൂട്ടറുകളില്‍ അവരുടെ തന്നെ ഓപ്പറേറ്റിങ് സിസ്റ്റം ഉപയോഗിക്കുക സ്വാഭാവികം മാത്രമാണല്ലോ.

1987 ലാണ് അടുത്ത പതിപ്പായ വിന്‍ഡോസ് 2.0 എത്തുന്നത്. കൈകാര്യം ചെയ്യാന്‍ കൂടുതല്‍ എളുപ്പമുള്ള സമ്പര്‍ക്കമുഖം (ഇന്റര്‍ഫേസ്) ആയിരുന്നു അതിന്റെ സവിശേഷത. മാത്രമല്ല, മെമ്മറി മാനേജ്‌മെന്റും മികച്ചതായിരുന്നു. ആദ്യ പതിപ്പില്‍ നിന്ന് വിത്യസ്തമായി, പുതിയ പതിപ്പില്‍ ഓരാ വിന്‍ഡോകളും ഒന്നിന് മുകളില്‍ മറ്റൊന്ന് എന്ന രീതിയില്‍ തുറക്കാന്‍ സാധിക്കുമായിരുന്നു. ഈ സംവിധാനത്തിന്റെ അവകാശം തങ്ങള്‍ക്കാണെന്ന് പറഞ്ഞ് ആപ്പിള്‍ കമ്പനി മൈക്രോസോഫ്ടിനെതിരെ കേസ് കൊടുത്തു. എന്നാല്‍ കോടതിവിധി മൈക്രോസോഫ്ടിന് അനുകൂലമായിരുന്നു.

ജനപ്രിയ സോഫ്ട്‌വേറുകളായ എം.എസ്.വേഡ്, എം.എസ്.എക്‌സല്‍ എന്നിവയുടെ ആദ്യപതിപ്പും വിന്‍ഡോസ് 2.0 ന്റെ കൂടെയാണ് പുറത്തു വന്നത്. മൈക്രോസോഫ്ടിന്റേതല്ലാത്ത ഒരു സോഫ്ട്‌വേര്‍ വിന്‍ഡോസില്‍ പ്രവര്‍ത്തിപ്പിക്കാന്‍ കഴിയുന്നതും ഈ പുതിയ പതിപ്പിലാണ്. ആല്‍ഡസ് പേജ്‌മേക്കറാണ് ആ സോഫ്ട്‌വേര്‍. സ്വാഭാവികമായും, ആദ്യപതിപ്പിനെക്കാള്‍ കൂടുതല്‍ സ്വീകാര്യത നേടിയെടുക്കാന്‍ വിന്‍ഡോസിന്റെ രണ്ടാംപതിപ്പിനായി.

വിജയഗാഥയുടെ തുടക്കം


1990 ല്‍ ഇറങ്ങിയ വിന്‍ഡോസ് 3.0, 1992 ല്‍ പുറത്തുവന്ന വിന്‍ഡോസ് 3.1 പതിപ്പും ഗ്രാഫിക്‌സിന്റെയും വെര്‍ച്വല്‍ മെമ്മറിയുടെയും കാര്യത്തില്‍ വളരെയധികം മാറ്റങ്ങള്‍ ഉള്‍ക്കൊണ്ടിരുന്നു. കമ്പ്യൂട്ടര്‍ ഉപഭോക്താക്കള്‍ വിന്‍ഡോസിനെ ഇരുകൈകളും നീട്ടി എതിരേല്‍ക്കാന്‍ തുടങ്ങുന്നത് അതോടെയാണ്. ജനസമ്മതി വര്‍ധിച്ചു, സ്വാഭാവികമായും വില്‍പ്പനയും കൂടി. വിന്‍ഡോസ് 3.1 പുറത്തിറങ്ങി ആറു മാസംകൊണ്ട് 20 ലക്ഷം കോപ്പികളാണ് വിറ്റഴിഞ്ഞത്.

1995 ല്‍ പുറത്തുവന്ന വിന്‍ഡോസ് 95 വിന്‍ഡോസിന്റെയും മൈക്രോസോഫ്ടിന്റെയും പ്രശസ്തി വാനോളമുയര്‍ത്തി. എം.എസ്.ഡോസിന്റെ സ്വാധീനത്തില്‍ നിന്ന് മാറി ഒരു പൂര്‍ണ ഓപ്പറേറ്റിങ് സിസ്റ്റമായിട്ടായിരുന്നു വിന്‍ഡോസ് 95 നെ അവതരിപ്പിച്ചത്. അതുവരെയുണ്ടായിരുന്നു ഗ്രാഫിക്‌സ് സങ്കല്‍പ്പത്തില്‍ നിന്നും മാറി പൂര്‍ണമായും രൂപമാറ്റം വരുത്തിയായിരുന്നു അതിന്റെ വരവ്. ഇന്നത്തെ വിന്‍ഡോസിന്റെ ആദ്യരൂപമായിരുന്നു അതെന്ന് പറയാം. അതിനാല്‍ തന്നെ, വില്‍പ്പനയുടെ കാര്യത്തില്‍ വിന്‍ഡോസ് 95 റെക്കോര്‍ഡ് സൃഷ്ടിച്ചു. ആദ്യ അഞ്ച് ആഴ്ചക്കുള്ളില്‍ തന്നെ 70 ലക്ഷം കോപ്പികളാണ് വിറ്റഴിഞ്ഞത്.

ഇന്റര്‍നെറ്റ് ഉപയോഗിക്കാനുള്ള സൗകര്യങ്ങളും ഡയല്‍അപ്, നെറ്റ്‌വര്‍ക്ക് , ഫാക്‌സ്, മോഡം എന്നിവക്കുള്ള സംവിധാനങ്ങളും ആദ്യമായി അവതരിപ്പിച്ചതും വിന്‍ഡോസ് 95 ലായിരുന്നു. പുതിയ ഹാര്‍ഡ്‌വേര്‍ ഉപകരണങ്ങള്‍ എളുപ്പത്തില്‍ ഉപയോഗിക്കാവുന്ന 'പ്ലഗ് ആന്‍ഡ് പ്ലേ' സംവിധാനവും ഇന്ന് കാണുന്ന ടാസ്‌ക് ബാര്‍, സ്റ്റാര്‍ട്ട് ബട്ടണ്‍ തുടങ്ങിയവയും വിന്‍ഡോസ് 95 ലാണ് ആദ്യമായി പ്രത്യക്ഷപ്പെട്ടത്.

ആ പതിപ്പിന്റെ തുടര്‍ച്ചായായി 1998 ജൂണില്‍ വിന്‍ഡോസ് 98, 1999 മെയില്‍ വിന്‍ഡോസ് 98 സെക്കന്‍ഡ് എഡിഷന്‍ എന്നിവ രംഗത്തെത്തി. വ്യക്തിഗത ഉപയോഗത്തിനായിരുന്നു വിന്‍ഡോസ് 98 ന്റെ ഊന്നല്‍. ഇന്റര്‍നെറ്റ് ഉപയോഗത്തിനും, ഫയലുകള്‍ വേഗം തിരയാനും എളുപ്പത്തില്‍ കൈകാര്യം ചെയ്യാനും, ഡിവിഡി ഡിസ്‌കുകള്‍ റീഡ് ചെയ്യാനുള്ള സംവിധാനവും വിന്‍ഡോസ് 98 ല്‍ ഉണ്ടായിരുന്നു. ആദ്യമായി യു.എസ്.ബി. ഡ്രൈവുകളുടെയും ക്വിക് ലോഞ്ച് ബാറിന്റെയും ഉപയോഗം തുടങ്ങിയതും വിന്‍ഡോസ് 98 ലായിരുന്നു.

ശരിക്കു പറഞ്ഞാല്‍, ഇന്റര്‍നെറ്റിന് കൈവരുന്ന വരുന്ന പ്രാധാന്യവും, പുതിയ സാങ്കേതികവിദ്യകളുടെ ആവിര്‍ഭാവവും, കമ്പ്യൂട്ടര്‍ ഉപഭോക്താക്കള്‍ക്ക് മുന്നിലെത്തുന്ന പുത്തന്‍ സാധ്യതകളും പ്രതിഫലിപ്പിക്കുന്നതായിരുന്നു വിന്‍ഡോസ് പതിപ്പിലെ ഓരോ മാറ്റവും.

2000 സപ്തംബറില്‍ ഇറക്കിയ വിന്‍ഡോസ് മി (മില്ലേനിയം എഡിഷന്‍) യിലാണ് 'സിസ്റ്റം റിസ്റ്റോര്‍' എന്ന ഉപയോഗപ്രദമായ സൗകര്യം മൈക്രോസോഫ്ട് ഏര്‍പ്പെടുത്തിയത്. കമ്പ്യൂട്ടറില്‍ വൈറസ് ആക്രമണം പോലുള്ള എന്തെങ്കിലുമുണ്ടായാല്‍, അല്ലെങ്കില്‍ വിന്‍ഡോസിന്റെ തന്നെ പ്രവര്‍ത്തനങ്ങള്‍ക്ക് തകരാര്‍ സംഭവിച്ചാല്‍, തകരാറുകള്‍ ഇല്ലാതിരുന്ന സമയത്തെ വിന്‍ഡോസ് ക്രമീകരണങ്ങളിലേക്ക് തിരിച്ചുപോവാനുള്ള സൗകര്യമായിരുന്നു 'സിസ്റ്റം റിസ്റ്റോര്‍'്.

മള്‍ട്ടിമീഡിയ, ഹോം നെറ്റ്‌വര്‍ക്ക് തുടങ്ങിയവയ്ക്കായിരുന്നു മില്ലേനിയം പതിപ്പില്‍ കൂടുതല്‍ പ്രാധാന്യം. മീഡിയ പ്ലെയര്‍ 7, മൂവിമേക്കര്‍ എന്നിയവും ഇതില്‍ ഉള്‍പ്പെടുത്തി. വിന്‍ഡോസ് 95 കോഡ് അടിസ്ഥാനമാക്കിയുള്ള അവസാനത്തെ പതിപ്പായിരുന്നു വിന്‍ഡോസ് മി.

പുതിയ നൂറ്റാണ്ടില്‍


2001 ഒക്ടോബര്‍ 25 നാണ് മൈക്രോസോഫ്ട് അതിന്റെ ചരിത്രത്തിലെ സൂപ്പര്‍ഹിറ്റായ വിന്‍ഡോസ് എക്‌സ്​പി പുറത്തിറക്കുന്നത്. കമ്പ്യൂട്ടര്‍ ഉപയോക്താക്കള്‍ ഇത്രയേറെ സ്‌നേഹിച്ച മറ്റൊരു സോഫ്ട്‌വേര്‍ ഉണ്ടോ എന്ന് സംശയമാണ്. വില്‍പ്പനയുടെ കാര്യത്തില്‍ വിന്‍ഡോസ് എക്‌സ്​പി സര്‍വകാല റെക്കോര്‍ഡ് സ്ഥാപിച്ചു.

കെട്ടിലും മട്ടിലും സമൂലമായ മാറ്റമായിരുന്നു എക്‌സ്​പിയുടെത്. 64-ബിറ്റ് പ്രൊസസ്സറുകള്‍ക്കുവേണ്ടിയുള്ള ആദ്യ ഓപ്പറേറ്റിങ് സിസ്റ്റവും എക്‌സ്​പിയായിരുന്നു. സ്റ്റാര്‍ട്ട് മെനു, ടാസ്‌ക്ബാര്‍, കണ്‍ട്രോള്‍ പാനല്‍ തുടങ്ങിയവയില്‍ വലിയ മാറ്റങ്ങളാണ് എക്‌സ്​പിയില്‍ ഉള്‍പ്പെടുത്തിയത്. വേഗത്തിന്റെ കാര്യത്തിലും സുരക്ഷയുടെ കാര്യത്തിലും ഏറെ മുന്നിലായിരുന്നു എക്‌സ്​പി.

മള്‍ട്ടിമീഡിയ, ലൈവ് ടെലിവിഷന്‍, ഇന്റര്‍നെറ്റ് തുടങ്ങിയവക്ക് പ്രാധാന്യം നല്‍കിക്കൊണ്ടുള്ള എക്‌സ്​പിയുടെ മീഡിയ സെന്റര്‍ എഡിഷനും, ടാബ്‌ലറ്റ് പിസികള്‍ക്കുവേണ്ടിയുള്ള എഡിഷനും 2002 ല്‍ മൈക്രോസോഫ്ട് പുറത്തിറക്കി. എക്‌സ്​പിയുടെ അസാധാരണ വിജയം അടുത്ത വിന്‍ഡോസ് പതിപ്പിന്റെ വരവ് വൈകിച്ചു. അഞ്ചുവര്‍ഷം എക്‌സ്​പി രംഗം അടക്കി വാണു.

വിട്ടുവീഴ്ചയില്ലാത്ത സുരക്ഷയായിരുന്നു 2006 ല്‍ ഇറങ്ങിയ വിന്‍ഡോസ് വിസ്തയുടെ മുഖമുദ്ര. അനുവാദമില്ലാതെ ഇതര സോഫ്ട്‌വേയറുകള്‍ കടന്നു കയറുന്നതിനെ വിസ്ത ശക്തമായി പ്രതിരോധിച്ചിരുന്നു. ലൈവ് വീഡിയോ, വീഡിയോ എഡിറ്റിങ്, വേഗത്തിലുള്ള തിരച്ചില്‍ സംവിധാനം, സ്റ്റാര്‍ട്ട്ബട്ടണ്‍, ഡസ്‌ക്‌ടോപ്പിന്റെയും ഗ്രാഫിക്‌സിന്റെയും കാര്യത്തിലുള്ള മാറ്റങ്ങള്‍ എന്നിവയായിരുന്നു വിസ്തയുടെ മറ്റു പ്രത്യേതകള്‍.

എങ്കിലും എക്‌സ്​പിയുടെ പ്രാമുഖ്യം കുറക്കാന്‍ വിസ്തയ്ക്ക് സാധിച്ചില്ല. മാത്രമല്ല, ഉപഭോക്താവിനെ സംബന്ധിച്ചടത്തോളം വിസ്തയുടെ ഉപയോഗം കൂടുതല്‍ സങ്കീര്‍ണമാണെന്നത്, ആ വിന്‍ഡോസ് പതിപ്പിന്റെ വിജയത്തെ ബാധിക്കുകയും ചെയ്തു. വിസ്തയുടെ അനുഭവത്തില്‍ നിന്ന് പാഠം ഉള്‍ക്കൊണ്ടാണ് അടുത്ത വിന്‍ഡോസ് പതിപ്പ് മൈക്രോസോഫ്ട് പുറത്തിറക്കിയത് -വിന്‍ഡോസ് 7.

ടെസ്‌ക് ടോപ്പുകളുടെ താരശോഭ അസ്തമിക്കുന്ന കാഴ്ചയ്ക്കാണ് ഏതാനും വര്‍ഷങ്ങളായി ലോകം സാക്ഷ്യം വഹിക്കുന്നത്. ലാപ്‌ടോപ്പുകളും നെറ്റ്ബുക്കുകളും ഏറ്റവുമൊടുവില്‍ ടാബ്‌ലറ്റുകളും താരങ്ങളാകാന്‍ തുടങ്ങി. ഈ സാഹചര്യത്തിലാണ് 2009 ഒക്ടോബറില്‍ വിന്‍ഡോസ് 7 രംഗത്തെത്തുന്നത്. മുന്തിയ വേഗം, ഗ്രാഫിക്‌സിനും മള്‍ട്ടിമീഡിയയ്ക്കുമുള്ള ഊന്നല്‍ തുടങ്ങിയവയാണ് വിന്‍ഡോസ് 7 ന്റെ സവിശേഷത. കമ്പ്യൂട്ടര്‍ തുറന്നുവരാനുള്ള സമയവും വിന്‍ഡോസ് 7 ല്‍ കുറവാണ്. ഡെസ്‌ക്‌ടോപ്പിന്റെയും ഫോള്‍ഡറുകളുടെയും ഐക്കണുകളുടെയും കാര്യത്തില്‍ വന്‍ മാറ്റങ്ങളാണ് ഈ പതിപ്പിലുള്ളത്.

പുറത്തിറങ്ങി ഇതുവരെയായി ഓരോ സെക്കന്‍ഡിലും 7 കോപ്പികള്‍ എന്ന രീതിയില്‍ വിന്‍ഡോസ് 7 വിറ്റഴിയുന്നുണ്ട് എന്നാണ് മൈക്രോസോഫ്ട് അവകാശപ്പെടുന്നത്. ഇത് ഇത്തിരി കടന്ന കണക്കാണെന്ന് തോന്നുമെങ്കിലും, വിസ്തയെ അപേക്ഷിച്ച് വിന്‍ഡോസ് 7 വന്‍വിജയം തന്നെയാണെന്ന് ആരും സമ്മതിക്കും. (ഓരോ വിന്‍ഡോസ് പതിപ്പുകളിറങ്ങിയ ശേഷവും പുതിയ പരിഷ്‌ക്കരണങ്ങളുമായി അവയുടെ പല ഉപ പതിപ്പുകളും ഇറങ്ങിയിട്ടുണ്ട്. വിസ്താരഭയം മൂലം അവയെക്കുറിച്ച് ഇവിടെ പരാമര്‍ശിച്ചിട്ടില്ല).

വിന്‍ഡോസ് എന്‍ടി


അതുവരെയുണ്ടായിരുന്നു ഓപ്പറേറ്റിങ് സിസ്റ്റത്തില്‍ നിന്ന് വിത്യസ്തമായി ബിസിനസ്സ് ഗ്രൂപ്പുകള്‍ക്കും വന്‍കിട കമ്പ്യൂട്ടര്‍ ശൃംഗലകള്‍ക്കും ആവശ്യങ്ങള്‍ക്കുമുള്ള വിന്‍ഡോസ് എന്‍.ടി 3.1 മൈക്രോസോഫ്ട് പുറത്തിറക്കുന്നത് 1993 ജൂലായ് 27 നാണ്. കേന്ദ്രീകൃതമായ ഒരു സെര്‍വറും അതിനോട് ബന്ധിപ്പിച്ചിരിക്കുന്ന ചെറുകിട കമ്പ്യൂട്ടറുകളും നിയന്ത്രിക്കാനും പ്രവര്‍ത്തിപ്പിക്കാനും ഈ വിന്‍ഡോസ് വകഭേദം ഏറെ സഹായകമായി. കമ്പനികള്‍ക്കും കൂടുതല്‍ കമ്പ്യൂട്ടറുകള്‍ ഉപയോഗിക്കുന്ന സ്ഥാപനങ്ങള്‍ക്കും ഈ സോഫ്ട്‌വേര്‍ ഏറെ പ്രിയപ്പെട്ടതായി.

വിന്‍ഡോസ് 3.1 ന്റെ സവിശേഷതകള്‍ ഉള്‍ക്കൊണ്ടായിരുന്നു ഇതിന്റെ രൂപകല്‍പ്പന. ലോക്കല്‍ ഏരിയ നെറ്റ്‌വര്‍ക്കുകളുടെ (ലാന്‍) ഉപയോഗം വര്‍ധിക്കുന്ന സാഹചര്യത്തില്‍ വിന്‍ഡോസ് എന്‍ടി വെഗം പ്രചാരം നേടി. അതിന് ശേഷം വിന്‍ഡോസ് 95 ന്റെ പ്രത്യേകതകള്‍ ഉള്‍ക്കൊള്ളുന്ന വിന്‍ഡോസ് എന്‍ടി 4 ഉം വിന്‍ഡോസ് 2000 എന്ന പേരില്‍ ഇറങ്ങിയ വിന്‍ഡോസ് എന്‍ടി 5 ഉം രംഗത്തെത്തി.

വിന്‍ഡോസ് സെര്‍വര്‍ 2003 ഏപ്രില്‍ 25 നും, വിന്‍ഡോസ് സെര്‍വര്‍ 2003 ആര്‍2 അതിന് പിന്നാലെ 2005 ഡിസംബറിലും പറത്തുവന്നു. അടുത്തതായി 2007ലെ വിന്‍ഡോസ് ഹോം സെര്‍വറും 2008 ഫെബ്രുവരിയില്‍ വിന്‍ഡോസ് സെര്‍വര്‍ 2008 പുറത്തുവന്നു. വിന്‍ഡോസ് എന്‍ടി 6.1 ആണ് ഈ വിഭാഗത്തില്‍ ഏറ്റവുമൊടുവില്‍ രംഗത്തെത്തിയത്. ശക്തമായ സുരക്ഷാസംവിധാനമാണ് ഈ നെറ്റ്‌വര്‍ക്ക് ഓപ്പറേറ്റിങ് സിസ്റ്റങ്ങളുടെ സവിശേഷത.

ഉയരുന്ന വെല്ലുവിളി


2009 ല്‍ നടന്ന പ്രൊഫഷണല്‍ ഡവലപ്പേഴ്‌സ് കോണ്‍ഫറന്‍സില്‍ അടുത്ത പതിപ്പായ വിന്‍ഡോസ് 8 നെപ്പറ്റി മൈക്രോസോഫ്ട് സൂചിപ്പിക്കുകയുണ്ടായി. 2011 ലോ അല്ലെങ്കില്‍ 2012 ലോ പുറത്തിറങ്ങുമെന്ന് പ്രതീക്ഷിക്കുന്ന ആ പതിപ്പില്‍, ഹൈഡെഫനിഷന്‍ വീഡിയോ, ത്രീഡി വീഡിയോ, യു.എസ്.ബി 3.0, ബ്ഌടൂത്ത് 3.0 എന്നിവക്കുള്ള സൗകര്യങ്ങളുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഏതാണ്ട് രണ്ട് പതിറ്റാണ്ടായി രംഗം അടക്കി വാഴുന്ന വിന്‍ഡോസിന്റെ പ്രാമുഖ്യം വരും വര്‍ഷങ്ങളിലും നിലനിര്‍ത്തുകയെന്നത് മൈക്രോസോഫ്ടിനെ സംബന്ധിച്ച് പ്രയാസമുള്ള കാര്യമായിരിക്കും എന്നാണ് സൂചന. കമ്പ്യൂട്ടേഷന്റെ സ്വഭാവം തന്നെ മാറിക്കൊണ്ടിരിക്കുന്നു എന്നതാണ് കാരണം. ഡെസ്‌ക്‌ടോപ്പുകളും ലാപ്‌ടോപ്പുകളുമാണ് വിന്‍ഡോസിനെ കൂടുതല്‍ ആശ്രിയിക്കുന്നവ. എന്നാല്‍, ടാബ്‌ലറ്റുകളുടെ കാലത്തേക്കാണ് ലോകമിപ്പോള്‍ ചുവടു വെച്ചിരിക്കുന്നത്. ടാബ്‌ലറ്റുകളില്‍ ഭൂരിഭാഗവും വിന്‍ഡോസിനെയല്ല ആശ്രയിക്കുന്നത്.

മൈക്രോസോഫ്ടിന്റെ ആദ്യ പ്രതിയോഗിയായിരുന്ന ആപ്പിളാണ് ഐപാഡ് എന്ന ഉപകരണം രംഗത്തെത്തിച്ചുകൊണ്ട് ഈ വര്‍ഷം ടാബ്‌ലറ്റ് വിപ്ലവത്തിന് തിരികൊളുത്തിയത്. ഐപാഡില്‍ ആപ്പിള്‍ ഉപയോഗിച്ചത് സാധാരണ കമ്പ്യൂട്ടര്‍ ഓപ്പറേറ്റിങ് സിസ്റ്റം അല്ല, കമ്പനിയിറക്കിയ സ്മാര്‍ട്ട്‌ഫോണായ ഐഫോണിലെ ഓപ്പറേറ്റിങ് സിസ്റ്റമാണ്. ഗൂഗിളിന്റെ സ്മാര്‍ട്ട്‌ഫോണ്‍ ഓപ്പറേറ്റിങ് സിസ്റ്റമായ ആന്‍ഡ്രോയിഡാണ് മറ്റ് പല കമ്പനികളും ടാബ്‌ലറ്റില്‍ ഉപയോഗിക്കുന്നത്. സാംസങിന്റെ ഗാലക്‌സി ടാബ് ഉദാഹരണം.


എന്നുവെച്ചാല്‍, ടാബ്‌ലറ്റ് യുഗത്തില്‍ വിന്‍ഡോസിനെ കാണാന്‍ തന്നെ ബുദ്ധിമുട്ട് എന്നര്‍ഥം. ഇനി അറിയേണ്ടത്, മൈക്രോസോഫ്ടിന്റെ പുതിയ സ്മാര്‍ട്ട്‌ഫോണ്‍ പ്ലാറ്റ്‌ഫോമായ വിന്‍ഡോസ് ഫോണ്‍ 7 ന് ടാബ്‌ലറ്റ് രംഗത്ത് സ്വാധീനം ചെലുത്താനാകുമോ എന്നതാണ്.

വിന്‍ഡോസ് നേരിടുന്ന മറ്റൊരു വെല്ലുവിളി ഗൂഗിള്‍ രൂപപ്പെടുത്തിക്കൊണ്ടിരിക്കുന്ന ഓണ്‍ലൈന്‍ ഓപ്പറേറ്റിങ് സിസ്റ്റമായ ക്രോം ഒഎസ് ആണ്. താമസിയാതെ രംഗത്തെത്തുമെന്ന് കരുതുന്ന ആ ഓപ്പറേറ്റിങ് സിസ്റ്റം മൈക്രോസോഫ്ടിന് നേരിട്ട് വെല്ലുവിളി സൃഷ്ടിക്കാന്‍ പോന്നതായിരിക്കും എന്നാണ് വിലയിരുത്തല്‍. ലാപ്‌ടോപ്പുകളെയും നെറ്റ്ബുക്കുകളെയും ഉദ്ദേശിച്ചാണ് ക്രോം ഒഎസ് എത്തുന്നത്. ഏതായാലും പുതിയ കാലത്ത് വിന്‍ഡോസ് എന്നത് പഴയതുപോലെ സര്‍വവ്യാപി ആകില്ല എന്ന് ഉറപ്പിക്കാം.

Monday, January 24, 2011

ഗൂഗിള്‍ ലാബ്‌സില്‍ വിരിയാന്‍ കാക്കുന്നവ

ഗൂഗിള്‍ ലാബ്‌സില്‍ വിരിയാന്‍ കാക്കുന്നവ








മറ്റ് കമ്പനികളെപ്പോലെയല്ല ഗൂഗിള്‍. അവിടെ തൊഴിലെടുക്കുന്നവര്‍ക്ക് ജോലിസമയത്തിന്റെ '20 ശതമാനം' തങ്ങള്‍ക്ക് ഇഷ്ടമുള്ള പ്രോജക്ടുകള്‍ക്കായി നീക്കിവെയ്ക്കാം. സാധാരണഗതിയില്‍ ഏത് കമ്പനിയിലായാലും, ഒരാളെ ജോലിക്കെടുക്കുമ്പോള്‍ നിര്‍വഹിക്കേണ്ട ഉത്തരവാദിത്വങ്ങള്‍ ഏതെന്ന് വ്യക്തമാക്കിയിട്ടുണ്ടാകും. ഗൂഗിളില്‍ ജോലി ചെയ്യുന്നവര്‍ക്ക് ഈ ഉത്തരവാദിത്വങ്ങള്‍ ആഴ്ചയിലൊരു ദിവസം മറക്കാം. എന്നിട്ട് തനിക്ക് ഇഷ്ടപ്പെട്ട പ്രോജക്ടില്‍ ആ ദിവസം പണിയെടുക്കാം. ഇങ്ങനെ 'ജോലിയേതര' പദ്ധതികളില്‍ ഉരുത്തിരിയുന്ന ഉത്പന്നങ്ങള്‍ 'ഗൂഗിള്‍ ലാബ്‌സി'ലാണ് അടവെയ്ക്കുക, വിരിയാന്‍.

ഗൂഗിള്‍ ലാബ്‌സില്‍ നിന്ന് പറക്കമുറ്റി പുറത്തു വന്ന പല ഉത്പന്നങ്ങളും ഇന്ന് നമുക്ക് പരിചിതങ്ങളാണ്. ഗൂഗിള്‍ മാപ്‌സ്, ഗൂഗിള്‍ അലെര്‍ട്ട്‌സ്, എസ്.എം.എസ്, ഗൂഗിള്‍ റീഡര്‍, ഗൂഗിള്‍ ട്രെന്‍ഡ്‌സ്, ഗൂഗിള്‍ സോഷ്യല്‍ സെര്‍ച്ച്.....ഈ പട്ടിക ഇനിയും നീട്ടാം. എന്നാല്‍, ലാബ്‌സില്‍ നിന്ന് ഒരാശയം, ഗൂഗിള്‍ ഉത്പന്നമായി പുറത്തുവരിക അത്ര എളുപ്പമല്ല. നിലവില്‍ അമ്പതോളം ആശയങ്ങള്‍ ഗൂഗിള്‍ ലാബ്‌സില്‍ പരീക്ഷണഘട്ടത്തിലാണ്. അവയില്‍ എത്രയെണ്ണം പുറത്തുവരുമെന്ന് പറയാറായിട്ടില്ല. എങ്കിലും പ്രതീക്ഷയേകുന്ന ചില ഉത്പന്നങ്ങളാണ് ചുവടെ.

1. ഫാസ്റ്റ് ഫ് ളിപ്പ് (Fast Flip)

സാധാരണഗതിയില്‍ ഒരു പത്രത്തിന്റെ ഇ-പേപ്പറില്‍ പരസ്യങ്ങളും ഇമേജുകളുമൊക്കെയുണ്ടാകും. അതിനാല്‍ പത്രത്തിലെ തലക്കെട്ടുകള്‍ നോക്കണമെങ്കില്‍, ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റ് കണക്ഷനാണെങ്കില്‍ പോലും സാധാരണ ബ്രൗസറുകളില്‍ സമയമെടുക്കും. ഇതിന് പകരമായി മുന്തിയ പത്രങ്ങളിലെ തലക്കെട്ടുകള്‍ മാത്രം ഒറ്റയടിക്ക് ഓടിച്ച് നോക്കാനുള്ള സങ്കേതമാണ് ഫാസ്റ്റ് ഫ് ളിപ്പ്. അച്ചടിയുടെയും ഓണ്‍ലൈനിന്റെയും ലോകം സമ്മേളിക്കുകയാണ് ഇവിടെ.

ഈ സര്‍വീസിനായി ഒട്ടേറെ പ്രസാധകരുമായി ഗൂഗിള്‍ പങ്കാളിത്തം ഉറപ്പിച്ചു കഴിഞ്ഞു. വിഷയം, സ്രോതസ്സ്, ജനപ്രിയത എന്നിവ അടിസ്ഥാനമാക്കി റിപ്പോര്‍ട്ടുകള്‍ തരംതിരിക്കുന്ന ജോലിയും പുരോഗമിക്കുന്നു. ഒരാളുടെ വായനയുടെ രീതിയനുസരിച്ച് കസ്റ്റമറൈസ് ചെയ്യാനും ഫാസ്റ്റ് ഫ് ളിപ്പില്‍ കഴിയും. ഇതില്‍ പരസ്യം വഴി കിട്ടുന്ന വരുമാനം മാധ്യമക്കമ്പനികളുമായി ഗൂഗിള്‍ പങ്കിടും. പത്രങ്ങള്‍ക്ക് വായനക്കാരിലേക്കെത്താന്‍ പുതിയൊരു വഴി തുറക്കലാകുമിത്. വായനക്കാര്‍ക്ക് ഏറ്റവും പുതിയ വര്‍ത്തമാനം ലഭിക്കാനുള്ള പുതിയ മാര്‍ഗവും.

2. എര്‍ത്ത് എന്‍ജിന്‍ (Earth Engine)

കഴിഞ്ഞ കാല്‍നൂറ്റാണ്ടിനിടെ കാലാവസ്ഥയിലും പരിസ്ഥിതിയിലും ആഗോളതലത്തിലുണ്ടായ മാറ്റങ്ങള്‍ വ്യക്തമായി മനസിലാക്കാന്‍ സഹായിക്കുന്ന സങ്കേതമാണിത്. 25 വര്‍ഷത്തെ ഉപഗ്രഹചിത്രങ്ങളുടെ സഹായത്തോടെ രൂപപ്പെടുത്തിയ ഈ സര്‍വീസ് ശാസ്ത്രജ്ഞര്‍ക്ക് ഏറെ പ്രയോജനം ചെയ്യും. കഴിഞ്ഞ മാസം മെക്‌സിക്കോയിലെ കാന്‍കൂണില്‍ നടന്ന ആഗോള കാലാവസ്ഥാ സമ്മേളനത്തിലാണ് എര്‍ത്ത് എന്‍ജിന്‍ അവതരിപ്പിച്ചത്.

ഉപഗ്രഹചിത്രങ്ങളെ വളരെ പ്രയോജനപ്രദമായ വിവരങ്ങളാക്കി പരിവര്‍ത്തനം ചെയ്യുന്ന സര്‍വീസാണ് എര്‍ത്ത് എന്‍ജിനെന്ന് ഗൂഗിളിന്റെ ഔദ്യോഗിക ബ്ലോഗ് അറിയിച്ചു. ആഗോളതലത്തില്‍ വനമേഖലകളുടെ വിസ്തൃതി മനസിലാക്കാനും, വര്‍ഷം കഴിയുന്തോറും അതിനുണ്ടാകുന്ന മാറ്റം കൃത്യമായി മനസിലാക്കാനും ഈ സര്‍വീസ് തുണയാകും. വനം മാത്രമല്ല, ജലലഭ്യതയിലെ മാറ്റം ഉള്‍പ്പടെയുള്ള വിവരങ്ങളും ഇതില്‍ നിന്ന് മനസിലാക്കാം.

ഗൂഗിള്‍ ലാബ്‌സിലെ പല പരീക്ഷണങ്ങളിലും സാധാരണ യൂസര്‍ക്കും പങ്കെടുക്കാം. എന്നാല്‍, എര്‍ത്ത് എന്‍ജിന്‍ അത്തരത്തില്‍ ഇപ്പോള്‍ ലഭ്യമല്ല. തിരഞ്ഞെടുക്കപ്പെട്ട ശാസ്ത്രജ്ഞര്‍ക്കും സര്‍ക്കാരേതിര സംഘടനകള്‍ക്കും സര്‍വകലാശാലകള്‍ക്കുമേ ഇപ്പോള്‍ ഈ സര്‍വീസ് പരീക്ഷിക്കാന്‍ അനുവാദം നല്‍കിയിട്ടുള്ളു.

3. ബോഡി ബ്രൗസര്‍ (Body Browser)

മനുഷ്യശരീരത്തിലൂടെയുള്ള പര്യടനമെന്ന ആശയമാണ് ബോഡി ബ്രൗസറിലേത്. മനുഷ്യന്റെ അവയവങ്ങളും നാഡികളും പേശികളും എല്ലാം ത്രീഡി രൂപത്തിലവതരിപ്പിക്കുന്ന സംവിധാനമാണിത്. ഗൂഗിള്‍ മാപ്‌സ് പോലെ പ്രത്യേകം സോഫ്ട്‌വേറിന്റെ പിന്തുണയില്ലാതെ, മനുഷ്യ ശരീരത്തിന്റെ ത്രീഡി രൂപം നമുക്കാവശ്യമുള്ളപോലെ പരിശോധിക്കാന്‍ ഇത് അവസരമൊരുക്കുന്നു.

സ്ത്രീയുടേയും പുരുഷന്റേയും പ്രത്യേകം ത്രീഡി രൂപങ്ങളില്‍ പേശികളും നാഡികളും തൊലിയും അവയവങ്ങളും അവയുടെ സ്ഥാനങ്ങളും ഘടനയുമൊക്കെ നമുക്ക് 'തുറന്ന്' പരിശോധിക്കാം. മനുഷ്യശരീരത്തെ അടുത്തറിയാന്‍ ആഗ്രഹിക്കുന്നവര്‍ക്കും മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്കും ഏറെ പ്രയോജനപ്പെടുന്ന ഈ സര്‍വീസിന്റെ ബീറ്റാ പതിപ്പ് ഇപ്പോള്‍ ലഭ്യമാണ്.

4. ഫോളോ ഫൈന്‍ഡര്‍ (Follow Finder)

ഫോളോ ഫൈന്‍ഡര്‍ എന്ന സങ്കേതം കഴിഞ്ഞ ഏപ്രിലിലാണ് ഗൂഗിള്‍ ലാബ്‌സ് പ്രഖ്യാപിച്ചത്. ട്വിറ്ററില്‍ ഒരാള്‍ക്ക് പിന്തുടരാന്‍ അനുയോജ്യമായവരെ കണ്ടെത്തി നിര്‍ദേശിക്കുകയാണ് ഈ ടൂള്‍ ചെയ്യുക. 'പബ്ലിക് സോഷ്യല്‍ ഗ്രാഫ് വിവരങ്ങള്‍' വിശകലനം ചെയ്താണ് നിങ്ങള്‍ക്ക് പിന്തുരാന്‍ പറ്റിയവരെ ഈ ടൂള്‍ നിര്‍ദേശിക്കുക.

നിങ്ങളുടെ ട്വിറ്ററിലെ പേര് നല്‍കിക്കഴിഞ്ഞാല്‍, നിങ്ങള്‍ പിന്തുടരുന്ന ആളുകളെ പിന്തുടരുന്നവരുടെ ('Tweeps') പട്ടിക ഈ ടൂള്‍ നല്‍കും. അത് നോക്കി നിങ്ങള്‍ക്ക് അനുയോജ്യരെന്ന് കണ്ടാല്‍ പിന്തുടരാം.

ആമസോണ്‍ പോലുള്ള സൈറ്റുകള്‍ വഴി പുസ്തകം വാങ്ങുമ്പോള്‍ അതേ പുസ്തകം വാങ്ങിയവര്‍ വാങ്ങിയ മറ്റ് പുസ്തകങ്ങളുടെ ലിസ്റ്റ് മുമ്പിലെത്താറുണ്ടല്ലോ. അതേപോലെ, ഒരു സംവിധാനം ഫോളോ ഫൈന്‍ഡറിലുമുണ്ട്.

ഉദാഹരണത്തിന് നിങ്ങല്‍ ബിബിസിയും സിഎന്‍എന്നും പിന്തുടരുന്ന ആളാണെന്ന് കരുതുക. ആ സൈറ്റുകളെ ഫോളോ ചെയ്യുന്ന പലരും ടൈം മാഗസിനെയും ഫോളോ ചെയ്യുന്നുണ്ടാകും. ഇത് മനസിലാക്കി, നിങ്ങള്‍ക്ക് ഫോളോ ചെയ്യാവുന്ന സൈറ്റാണ് ടൈം മാഗസിന്‍ എന്ന് ഫോളോ ഫൈന്‍ഡര്‍ നിര്‍ദേശിക്കും-ഗൂഗിള്‍ വിശദീകരിക്കുന്നു.

പക്ഷേ, ഈ ടൂളിന്റെ പ്രശ്‌നം, ഇത് ട്വിറ്ററിന്റെ 'more like' ഫീച്ചറിനോട് വളരെ സാമ്യമുള്ളതാണ് എന്നതാണ്. എങ്ങനെ ഇത് വ്യത്യസ്തമാക്കാമെന്ന് നിങ്ങള്‍ക്കും ഗൂഗിളിനോട് നിര്‍ദേശിക്കാം. ഗൂഗിള്‍ ലാബ്‌സിലെ പല ഉത്പന്നങ്ങളും ഇത്തരത്തില്‍ യൂസര്‍മാരുടെ കൂടി ആശയങ്ങള്‍ക്കനുസരിച്ചാണ് രൂപപ്പെടാറ്.

5. ആപ്പ് ഇന്‍വെന്റര്‍ ഫോര്‍ ആന്‍ഡ്രോയിഡ് (App Inventor for Android)

മൊബൈല്‍ പ്ലാറ്റ്‌ഫോമായ ആന്‍ഡ്രോയിഡിനെ ജനകീയമാക്കുന്നതിന്റെ ഭാഗമായി ആവിഷ്‌ക്കരിച്ച ആശയമാണിത്. ഇത്രകാലവും പ്രോഗ്രാം ഡെവലപ്മാരുടെയും വിദഗ്ധരുടെയുമായിരുന്നു മൊബൈല്‍ ആപ്ലിക്കേഷന്‍ മേഖല. സാധാരണക്കാര്‍ അത്തരം ആപ്ലിക്കേഷനുകളുടെ വെറും ഉപഭോക്താക്കള്‍ മാത്രമായിരുന്നു. ആ സ്ഥിതിവിശേഷം മാറ്റാനാണ് ഈ സോഫ്ട്‌വേര്‍. ഇതുപയോഗിച്ച് ആപ്ലിക്കേഷനുകള്‍ രൂപപ്പെടുത്താന്‍ ഡെവലപ്പര്‍മാരുടെ ആവശ്യമില്ല, ഒരു പ്രോഗ്രാമിങ് ജ്ഞാനവും വേണ്ട!

ആപ്ലിക്കേഷന് ആവശ്യമായ സോഫ്ട്‌വേര്‍ കോഡുകള്‍ എഴുതിയുണ്ടാക്കുന്നതിന് പകരം, നിങ്ങള്‍ ആപ്ലിക്കേഷനുകള്‍ രൂപകല്‍പ്പന (ഡിസൈന്‍) ചെയ്‌തെടുക്കുകയാണ് വേണ്ടത്. ആപ്ലിക്കേഷന്റെ സ്വഭാവം നിശ്ചയിക്കാന്‍ സഹായിക്കുന്ന ബ്ലോക്കുകള്‍ ക്രമത്തില്‍ അടുക്കി കാര്യം സാധിക്കാമെന്ന്, ഗൂഗിള്‍ ലാബ്‌സ് അറിയിക്കുന്നു. കഴിഞ്ഞ ജൂലായ് മുതല്‍ ഇത് പരീക്ഷണത്തിന് ലഭ്യമാണ്.