M@@Nu Pathappiriyam
Manjeri

Tuesday, November 1, 2011

The Great MALAPPURAM

'ആരാ ഇങ്ങളോട് പറഞ്ഞത്, ഇബിടെ പെണ്ണ്ങ്ങക്ക് സ്വാതന്ത്ര്യമില്ലാന്ന്?', മലപ്പുറത്തിന്റെ മാറുന്ന കാഴ്ചകള്‍...മലപ്പുറത്തെത്തി അതിശയപ്പെട്ടു നില്‍ക്കുന്നവരുടെ ശ്രദ്ധയ്ക്ക്. ദയവു ചെയ്ത് നിങ്ങള്‍ ആ ഫോണിലെ മ്യൂസിക് പ്ലേയര്‍ സൈലന്റ് ആക്കുക. ഇമ്പമാര്‍ന്നൊരു മാപ്പിളപ്പാട്ടിന്റെ ഈണത്തില്‍ ആരും പറഞ്ഞുതരും മലപ്പുറം പെരുമ. 1969 ആണ് മലപ്പുറത്തിന്റെ ഡേറ്റ് ഓഫ് ബര്‍ത്ത്. അതിനും മുമ്പേ ഏറനാടും വള്ളുവനാടുമായിരുന്നു മലപ്പുറം. ഖിലാഫത്ത് പ്രസ്ഥാനവും മാപ്പിള ലഹളയും ഇവിടെ നടന്നതാണ്, തുഞ്ചത്ത് സ്മാരകവും എം എസ് പി ക്യാംപും നിളയും തിരുനാവായയും ഇവിടെയാണ്... എന്നൊന്നുമല്ല. നല്ല അസല്‍ മോയിന്‍ കുട്ടി വൈദ്യര്‍ ശൈലിയില്‍ 'ബദ്‌റുല്‍ ഹുദാ യാസീനും നബിഹറജായ് അന്നേരം..' മുതല്‍. ഏതു പോലീസുകാരന്റെ ഫോണിലും കേള്‍ക്കാം, റിംഗ് ടോണായി ഇതേ ശീല്. 'ജ്ജ് അറിയ്വോ? ഞമ്മക്ക് രണ്ട് ദേശീയഗാനം ണ്ട്, ഒന്ന് ജനഗണമനയും പിന്നെ മാപ്പിളപ്പാട്ടും..' തിരൂരിലെ കൂള്‍ബാറുകാരന്‍ സത്താര്‍ പൊടുന്നനെ ഒരു ഗായകനാവുന്നു. പുതിയ പാട്ടുകളും പാട്ടുകാരുമുണ്ടെങ്കിലും ഇന്നും മോയിന്‍കുട്ടി വൈദ്യരുടെ പാട്ടുകള്‍ തന്നെയാണ് മൂപ്പര്‍ക്ക് പ്രിയം. ചരക്കുമായി രാക്കാലങ്ങളില്‍ ഊടുവഴികളിലൂടെ പോവുന്നñവണ്ടിക്കാര്‍ക്കും തോണിപ്പണിക്കാര്‍ക്കുമൊക്കെ പാടാനുണ്ടായിരുന്നത് ഒരേ ഈരടികള്‍. അപ്പോള്‍ അവര്‍ എല്ലാ ദു:ഖവും മറക്കും. രാജകുമാരിയായ ഹുസ്‌നുല്‍ജമാലിന്റേയും മന്ത്രിപുത്രനായ ബദ്‌റുല്‍ മുനീറിന്റേയും പ്രണയകഥ ഓര്‍ക്കും. ഇപ്പോള്‍ നെഞ്ചിനുള്ളില്‍ കുടിയിരിക്കുന്ന ഫാത്തിമ വന്നതു മുതല്‍ യങ്‌സ്‌റ്റേര്‍സിന് ഇച്ചിരി ടേസ്റ്റ് മാറ്റമുണ്ടായിട്ടുണ്ടെന്ന് ഷാര്‍ജ ഷെയ്ക്ക് കുടിക്കാന്‍ വന്ന രെമിത്തും അന്‍വറും അഭിപ്രായപ്പെട്ടു.

ഒരു സെവന്‍സ് കഥ

രംഗം മമ്പാട്ടെ ഒരു ഫുട്‌ബോള്‍ ഗ്രൗണ്ട്. വാശിയേറിയ സെവന്‍സ് മത്‌സരം നടക്കുകയാണ്. ലയണല്‍ മെസി, വെയ്ന്‍ റൂണി ടീഷര്‍ട്ടുകളണിഞ്ഞ് കൊച്ചുകുട്ടികള്‍ തൊട്ട് വയോവൃദ്ധര്‍ വരെ ഗാലറിയിലുണ്ട്. ഇരുടീമുകളിലും ഘാനയില്‍ നിന്നും നൈജീരിയയില്‍ നിന്നുമൊക്കെയുള്ള ബ്ലാക്ക് ബ്യൂട്ടികളും കൂടെ കുറച്ചു നാടന്‍ പുലികളും. (തെറ്റിദ്ധരിക്കരുത്, മലപ്പുറത്തുകാര്‍ ഉശിരുള്ളവരെയെല്ലാം പുലികളെന്നു വിളിക്കും) വിസില്‍ മുഴങ്ങി. ഇരുടീമുകളും ഒപ്പത്തിനൊപ്പം മുന്നേറുകയാണ്. ഗോളെന്നുറപ്പിച്ച ഒരു കിക്ക് അര്‍ജന്റീനിയന്‍ ജഴ്‌സിയണിഞ്ഞ ഗോള്‍കീപ്പര്‍ തട്ടിയകറ്റിയപ്പോള്‍ വലതുവശത്തിരുന്നയാളുടെ ആത്മഗതം. 'പടച്ചോനേ, ജ്ജ് കാത്തു..' എന്നാല്‍ തൊട്ടടുത്ത നിമിഷം ഇംഗ്ലീഷ് ജഴ്‌സിയണിഞ്ഞ ടീം പെനാല്‍റ്റിയിലൂടെ വല കുലുക്കിയപ്പോള്‍ ഇടതുവശത്തിരുന്നയാള്‍ ആവേശത്തോടെ അലറാന്‍ തുടങ്ങി. 'സാമിനാമിനാ, ഓ, ഓ.. വക്കാ, വക്കാ ഓ, ഓ..' ഗോളടിച്ച കളിക്കാരനെ അപ്പോഴേക്കും സഹകളിക്കാരും ഫാന്‍സും എടുത്തുയര്‍ത്തി സ്‌നേഹിച്ചു തുടങ്ങിയിരുന്നു.അടുത്തിരുന്ന ഫുട്‌ബോളറും കേരളസന്തോഷ് ട്രോഫി താരവുമായ എസ് ബി ടിയുടെ ഷബീര്‍ അലി ആ സ്‌നേഹപ്രകടനം പരിഭാഷപ്പെടുത്തി. 'ദേ, ഇതാണിവിടത്തെ പത്താമത്തെ രസം. ഗോളടിച്ചതിനു ശേഷമുള്ള ആഹഌദപ്രകടനം. എവിടെ പന്തു കണ്ടാലും കാലു കൊണ്ടു ഒന്ന് ഡ്രിബ്ള്‍ ചെയ്താലേ സമാധാനമാവൂ. കളീല് തോല്‍ക്കുന്നത് ആര്‍ക്കും ഇഷ്ടമല്ല. അത് നാടിന്റെ തോല്‍വിയായി കാണും. അതുകൊണ്ടാ, ഇത്രേം വാശിയും ആവേശവുമല്ലാം.. എന്നാലും ഇഞ്ചുറി ടൈമില്‍ ഗോളടിക്കുന്നവനെ ഞങ്ങള് ബല്ലാണ്ടങ്ങ് സ്‌നേഹിക്കും. അതിപ്പം റൂണിയായാലും മെസിയായാലും ആരായാലും..'

ഒരു ഗള്‍ഫ് കഥ

'മോനേ, അന്നൊക്കെ ആയിരത്തഞ്ഞൂറോളം ആളെ കൊള്ളുന്ന വല്യ കപ്പലിലായിരുന്നു, ദുബായീപ്പോക്ക്. ഒമ്പത് ദിവസമെടുക്കും അക്കരേലെത്താന്‍. ഈനെടക്ക് ചെലപ്പോ കപ്പലില്‍ തീ പിടുത്തോം കാറ്റും മഴയുമൊക്കെയുണ്ടാവും. എന്നാലും അതൊരു ഒന്നൊന്നര യാത്ര തന്നെയായിര്ന്ന്. ആടെ പേപ്പറ് വിക്കലായിരുന്നു പണി. അന്നൊക്കെ ജനങ്ങക്ക് ആകാശത്തൂടെ പറക്കുന്ന വീമാനത്തേക്കാള്‍ കപ്പലുകള് തന്നെയായിര്ന്നു ഇഷ്ടം. അതോണ്ട് തന്നെ വിമാനക്കമ്പനികള് ആള്വോളെ ആകര്‍ഷിക്കാന്‍ ഇപ്പംള്ളതു പോലെ കൊറേ ഓഫറുകളും വച്ചിരുന്നു.' ആദ്യകാല ഗള്‍ഫുകാരനായ മക്കരപ്പറമ്പിലെ കുഞ്ഞിമുഹമ്മദ് ഹാജി പഴയ അനുഭവങ്ങള്‍ പറഞ്ഞു കേള്‍പ്പിക്കാന്‍ ഒരാളെ കിട്ടിയ സന്തോഷത്തിലാണ്.


തന്റെ സിന്ദ് ബാദ് സാഹസിക യാത്രകളെക്കുറിച്ചോര്‍ക്കുമ്പോള്‍ ഇന്നും ഹാജിയുടെ വാക്കുകളില്‍ 20 കാരന്റെ ആവേശം. ഉള്‍നാടുകളില്‍ പിന്നെയുമുണ്ട്, പഴയ കാല റിട്ടയേര്‍ഡ് ഗള്‍ഫുകാര്‍. ഓരോ വീട്ടിലും കാണാം, മിനിമം ഒന്നെങ്കിലും പ്രവാസി. ചരിത്രകാരനായ ഡോ. എം ഗംഗാധരന്റെ അഭിപ്രായത്തില്‍ മലപ്പുറം ഗള്‍ഫില്‍ പോവുന്നവരുടെ, പോവാനിരിക്കുന്നവരുടെ, പോയി വന്നവരുടെ നാടു കൂടിയാണ്. മുമ്പ്, പാസ്‌പോര്‍ട്ടും വിസാ പ്രശ്‌നവുമൊക്കെയായി അന്യനാട്ടുകാരെയൊക്കെ ഗള്‍ഫില്‍ നിന്നും തിരികേ പറഞ്ഞയക്കുമ്പോള്‍, മലപ്പുറംകാരനെ മാത്രം പറഞ്ഞയക്കാന്‍ അറബി ഒന്ന് മടിച്ചിരുന്നുവത്രേ. എല്ലുമുറിയുവോളം അധ്വാനിക്കുന്ന മനസ് തന്നെ കാരണം.

ഒരു കച്ചവടക്കഥ

'ആരാ ഇങ്ങളോട് പറഞ്ഞത്, ഇബിടെ പെണ്ണ്ങ്ങക്ക് സ്വാതന്ത്ര്യമില്ലാന്ന്? ഓലെയൊന്ന് കാണണംല്ലോ?' സിവില്‍ സ്‌റ്റേഷനില്‍ വിപണനസ്റ്റാളൊരുക്കിയ സഫിയയ്ക്ക് ചോദ്യം തീരെ ഇഷ്ടപ്പെട്ടില്ല. ഇപ്പോഴെങ്ങാനും സ്വാന്തന്ത്ര്യമില്ലെന്ന് പറഞ്ഞയാളെ കയ്യില്‍ കിട്ടിയാല്‍ സഫിയ ചിലപ്പോള്‍ മലപ്പുറം കത്തിയെടുത്തെന്നും വരും. അരിമുറുക്കും പെട്ടിയപ്പവും തേന്‍ നെല്ലിക്കയുമാണ് സഫിയയുടെ വിഭവങ്ങള്‍. കൂട്ടത്തില്‍ സ്‌പെഷ്യല്‍ തേന്‍ നെല്ലിക്കയും. എല്ലാ മാസാരംഭത്തിലും വിപണനമേള പതിവാണ്. കൂടെ സൈനബയും ലതയും കമലയുമൊക്കെ ഉണ്ട്. ഇവിടത്തെ പെണ്ണുങ്ങള്‍ കച്ചവടത്തിലും നിപുണരാണ്. 'പണ്ടിങ്ങനെയൊന്നുമായിര്ന്നില്ല. എല്ലാം, ഞങ്ങള് നോക്കാന്ന് പറഞ്ഞ് ആണ്ങ്ങളങ്ങ് പോകും. പെണ്ണ്ങ്ങള് പൊരക്ക് തന്നെ ഇരിക്കും. ഇന്ന് നേരെ മാറിവന്നിട്ട്ണ്ട് അവസ്ഥ. ആണ്ങ്ങളധ്വാനിക്ക്ന്ന്‌ണ്ടെങ്കിലും, ഞങ്ങള് പെണ്ണ്ങ്ങക്കും എന്തെങ്കിലും കച്ചവടമോ കുടുംബശ്രീയോ തൊടങ്ങാന്ള്ള സ്വാതന്ത്ര്യം ഓല് തന്നിട്ട്ണ്ട്...'' സഫിയ പറയുന്നതിനിടയില്‍ ഗുഡ്‌സ് വണ്ടിയോടിച്ച് മഞ്ചേരിയിലെ ജാംസ് സ്വയംസഹായസംഘത്തിലെ അംബികയും വന്നു. മറ്റു ജില്ലകളെ അപേക്ഷിച്ച് മെച്ചപ്പെട്ട റോഡുകള്‍ക്ക് ക്ലീന്‍ ചീട്ട് നല്‍കി അംബിക ഡ്രൈവര്‍.സിവില്‍ സ്‌റ്റേഷനകത്തെ ഓഫീസില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സുഹ്‌റ മമ്പാടും സ്ത്രീസ്വാതന്ത്ര്യമില്ലായ്മ എന്ന ആരോപണം പുച്ഛിച്ചുതള്ളി. 'പഴയകാലമൊക്കെ കഴിഞ്ഞു. ഇപ്പോള്‍ മറ്റു ജില്ലകളിലെപ്പോലെ തന്നെയാണ് ഇവിടേയും. പുറത്തെ കച്ചവടക്കാരികളെപ്പോലെ അകത്തുമുണ്ട് ഭരണസാരഥ്യമേറ്റു നടത്തുന്ന സ്ത്രീകള്‍. വിദ്യാഭ്യാസരംഗത്തുമുണ്ട് ഇതേ സ്ത്രീസാന്നിധ്യം.'

ഒരു റാങ്ക് നേടിയ കഥ

ശരിയാണ്. പഴയ പഴിയായ വിദ്യാഭ്യാസക്കുറവിനും മലപ്പുറം പ്രായശ്ചിത്തം ചെയ്ത മട്ടാണ്. സംശയദുരീകരണത്തിന് മുന്നില്‍ ദേ, ഇക്കഴിഞ്ഞ മെഡിക്കല്‍ എന്‍ട്രന്‍സില്‍ ഒന്നാം റാങ്കുകാരനായ മറ്റത്തൂരിലെ വി. ഇര്‍ഫാനും വീട്ടുകാരും. തന്റെ വീട്ടുകാരെപ്പോലെ നാട്ടിലെ എല്ലാവരും ഇന്ന് വിദ്യാഭ്യാസത്തിന് ഏറെ പ്രാധാന്യം കൊടുക്കുന്നുണ്ടെന്ന് ഇര്‍ഫാന്റെ സാക്ഷ്യപത്രം. 'ഇപ്പം തന്നെ മറ്റത്തൂരില്‍ ഓരോ വീട്ടിലുമുണ്ട് ആണ്‍കുട്ടികളെന്നോ പെണ്‍കുട്ടികളെന്നോ കണക്കില്ലാതെ ഇഷ്ടം പോലെ വിവിധ പരീക്ഷകളില്‍ റാങ്ക് കിട്ടിയവര്.'

ഇപ്പോള്‍ നമ്മള്‍ നില്‍ക്കുന്നത്, ടൗണില്‍ തന്നെയുള്ള ഇന്‍സൈറ്റ് ട്യൂഷന്‍ സെന്ററില്‍. ആരാകാനാണ് ആഗ്രഹമെന്ന് ചോദിച്ചപ്പോള്‍ അവര്‍ മനസ് തുറന്നത് ഒരു എന്‍ട്രന്‍സ് ചോദ്യത്തിന് 'ടിക്ക്' ഇടുന്നതു പോലെ. ജിന്‍ഷിദ ടീച്ചറെന്നും രേഷ്മ ഡോക്ടര്‍ എന്നും അജ്മല്‍ ഐപിഎസ് എന്നും ഇര്‍ഷാദ എന്‍ജിനീയര്‍ എന്നും 'ടിക്കി'ട്ടു.. ആഴ്ചയില്‍ ഏഴു ദിവസവും ഇവര്‍ 'സ്റ്റഡിയിങ് ഡ്യൂട്ടി'യിലാണ്. 'അപ്പോ, സ്‌കൂളും ട്യൂഷനും എല്ലാം കൂടി നിങ്ങള് തളരില്ലേ?'
'അതിനെന്താ, ലക്ഷ്യം നേടിയിറ്റ് വിശ്രമിക്കാലോ?'

കുബ്ബൂസുണ്ടാക്കിയ കഥ

'അങ്ങനെ വല്യ കഥയൊന്നുമല്ല, ഞങ്ങളെല്ലാരും കൂടി ഒരു ദിവസമങ്ങ് തീരുമാനിച്ചു. അവസാനം ഇണ്ടായി വന്നപ്പോ, അത് കുബ്ബൂസ് തന്നെയാണോ എന്നായിനും പ്രധാനസംശയം. പിന്നെയങ്ങനത്തെ ഒരു പരീക്ഷണത്തിന് ഞങ്ങള് നിന്നിക്കില്ല. എന്നാലും നോമ്പ്തുറയ്ക്കും മറ്റും കക്കറോട്ടി, ചട്ടിപ്പത്തില് തൊടങ്ങി നാടന്‍ വിഭവങ്ങള് ധാരാളം ഇണ്ടാക്കാറുണ്ട്. ഇങ്ങള് ഒരു ദിവസം പറ, ഇങ്ങക്കിഷ്ടം പോലെ ഫോട്ടോയെട്ക്കാന്‍ ഞങ്ങള്ണ്ടാക്കിത്തരാം, സാധനങ്ങള്..'


കളക്ടര്‍ ബംഗ്ലാവിനടുത്തുള്ള ആമിന ഹൗസിലെ ഖദീജയും ടീമും പാചകവൈഭവത്തെപ്പറ്റി തകര്‍പ്പന്‍ പ്രഭാഷണത്തിലാണ്. ഇതിനിടെ ടീമിലെ യുവകില്ലാടിയായ മുഫീദയും ഓര്‍മ്മിപ്പിച്ചു. 'ഉമ്മ പറഞ്ഞത് ശെരിയാ, ഇങ്ങള് നോമ്പിനേനും വരണ്ടത്. അന്ന് വന്നിരുന്നെങ്കില് ഞങ്ങള് മലപ്പുറത്തുകാരുടെ പാചകവൈഭവം ശരിക്കും കാണേനും!'

'ഇവിടെ ഷവര്‍മ്മയും മജ്ബൂസും കുബൂസുമൊക്കെ ഇപ്പം സാധാരണാ, ഏകദേശം ഗള്‍ഫ് പോലെത്തന്നെയായില്ലേ, ഞമ്മളെ നാടും?' ഷംലയുടെ വാക്കുകളില്‍ ലോകമേറെ കണ്ട അനുഭവപരിചയം.

ജന്‍മപുണ്യത്തിന്റെ കഥ

'ആലിക്കാപ്പറമ്പ്, ചീനിക്കല്‍, മൂച്ചിക്കല്‍, പിലാക്കല്‍, പ്ലാമൂച്ചിക്കല്‍. അത്താണി, രണ്ടത്താണി, മരത്താണി, പുത്തനത്താണി, കുട്ടികല്ലത്താണി..'

പ്രാസമൊപ്പിച്ച് കൊണ്ടോട്ടിയിലെ സെയ്തുമുഹമ്മദ് പറയുമ്പോള്‍ അതിനൊരു പ്രത്യേക ചന്തമുണ്ട്. എല്ലാം കുമാരനാശാനെ തോല്‍പ്പിക്കുമാറ് വൃത്തവും താളവുമൊത്ത മലപ്പുറത്തെ സ്ഥലനാമങ്ങള്‍. ഹാജിയാര്‍ പള്ളിക്കടുത്തുള്ള തൂക്കുപാലത്തില്‍ വെച്ച് സ്‌പെഷ്യല്‍ റിപ്പോര്‍ട്ടുമായി അലവി ഹാജിയും മുഖം കാണിച്ച് ഒരു രഹസ്യം ബോധിപ്പിച്ചു. ഇതു പോലെ നൂറുകണക്കിന് പഴയതും പുതിയതുമായ തൂക്കുപാലങ്ങള്‍ ജില്ലയുടെ വിവിധ ഭാഗങ്ങളിലുണ്ട്. കാണാന്‍ മൊഞ്ചുള്ള ചെക്കന്‍മാര്‍ വന്ന് ഇവയുടെ പശ്ചാത്തലത്തില്‍ ആല്‍ബങ്ങള്‍ ഷൂട്ട് ചെയ്യും. മലപ്പുറത്തിന്റെ സ്വന്തം ശിഹാബ് തങ്ങളുടെ ഫോട്ടോയും ഏറ്റവും കൂടുതലെടുത്തിരിക്കുന്നത് ഇതു പോലുള്ള പാലങ്ങളുടെ പശ്ചാത്തലത്തിലാണത്രേ.ആവലാതികള്‍ പറയാനും പ്രശ്‌നപരിഹാരത്തിനുമൊക്കെയായി ഇന്നും ജാതിമതഭേദമെന്യേ, ആള്‍ക്കാര്‍ കൊടപ്പനക്കലിലേക്ക് ഒഴുകും. 'പലര്‍ക്കും പല പ്രശ്‌നങ്ങളാണ്. ചിലര്‍ക്ക് മക്കളുടെ പ്രശ്‌നങ്ങള്‍, ചിലര്‍ക്ക് സാമ്പത്തികപ്രശ്‌നങ്ങള്‍ അങ്ങനെ. ബാപ്പയുള്ളപ്പോഴും ഇപ്പോഴും എല്ലാ ചൊവ്വാഴ്ചയും ഞങ്ങള്‍ ഇവിടെത്തന്നെയുണ്ടാവും.' പിതാവ് ശിഹാബ് തങ്ങളുടെ ഓര്‍മകളുമായി വീട്ടുമുറ്റത്ത് എത്തുന്നവരെക്കുറിച്ച് വാചാലനാവുന്നു, മകന്‍ മുനവറലി ശിഹാബ് തങ്ങള്‍.

ബ്ലോഗുണ്ടാക്കിയ കഥ

ഇനിയല്‍പം ഔദ്യോഗികകാര്യം. പറയുന്നത് വിദ്യാഭ്യാസമന്ത്രി പി കെ അബ്ദുറബ്ബ്. 'കേരളത്തിലെ ഏത് പദ്ധതിയും ഏറ്റെടുത്ത് വിജയിപ്പിക്കാന്‍ പ്രത്യേക താല്‍പര്യമാണ് ജില്ലയ്ക്ക്. വിദ്യാഭ്യാസപിന്നോക്കജില്ലയെന്ന ആരോപണമൊക്കെ എപ്പോഴേ പിന്നിട്ടു കഴിഞ്ഞു. സാക്ഷരതയായാലും അക്ഷയയായാലും തൊഴിലുറപ്പു പദ്ധതിയായാലും വിജയിപ്പിക്കാന്‍ ജില്ല മുന്നില്‍ നില്‍ക്കും.'

'ഞാന്‍ ബ്ലോഗെഴുത്ത് തുടങ്ങിയത് പ്രധാനമായും ഭാര്യയ്ക്കു വേണ്ടിയാണെന്ന് പറയാം. നാടിന്റെ തമാശകള്‍ മാത്രമല്ല, പഞ്ചായത്ത് മെംബറായ ഭാര്യ ഫാത്തിമയുടെ പഞ്ചായത്ത് പദ്ധതികളെപ്പറ്റി വരെയുണ്ട് അതില്‍. 'സിദ്ധീഖ് ഗൂഗിളില്‍ സമര്‍ഥിച്ചു. നല്ല ഫോളോവേര്‍സ് ഉണ്ടോ എന്ന് ചോദിച്ചപ്പോള്‍ ഞാനും എന്റെ പഞ്ചായത്ത് ടീമും സ്ഥിരം ഫോളോവേര്‍സ് ആണെന്ന് ഫാത്തിമയും. കേരളത്തില്‍ ഏറ്റവും കൂടുതല്‍ ബ്ലോഗര്‍മാരും യു ട്യൂബ് അപ്‌ലോഡര്‍മാരും ഈ നാട്ടിലാണ്. യു ട്യൂബില്‍ വെറുതെ മലപ്പുറം എന്ന് ടൈപ്പ് ചെയ്താല്‍ കാണാം അക്കമിട്ട് മലപ്പുറം വിശേഷം. കുറ്റിപ്പുറത്തെ വാര്‍ഡ് മെമ്പറായ സിദ്ധീഖ് അലി രാങ്ങാട്ടൂര്‍ എന്ന പ്രാസംഗികനാണ് പുത്തന്‍ താരം. രാഷ്ട്രീയഭേദമന്യേ സകലരും ഡൗണ്‍ലോഡ് ചെയ്യുന്നു അദ്ദേഹത്തിന്റെ പ്രസംഗങ്ങള്‍.

'മോഡലാ'യ കഥ

ഇടവേളയിലല്‍പം മലപ്പുറം ഓണ്‍ലി തമാശകളറിയാനാണ് മലപ്പുറത്തിന്റെ ബ്യൂട്ടി സ്‌പോട്ടായ കോട്ടക്കുന്നിലെത്തിയത്. തമാശ പറയുമ്പോള്‍ പണ്ട് ഇലക്ഷനില്‍ ആയിരമല്ല, പതിനായിരമല്ല, തൊള്ളാാായിരക്കണക്കിന് വാഹനങ്ങളുടെ അകമ്പടിയോടു കൂടി വന്ന സീതിഹാജിയാണവരുടെ സ്റ്റാര്‍. കോട്ടക്കുന്നിലും കേട്ടു, അത്തരം നൂറുനൂറെണ്ണം. വിമാനത്താവളത്തില്‍ മൃൃശ്മഹ എന്നെഴുതിയത് കണ്ട് 'അള്ളാ, ഇബടേയും മാര്‍കിസ്റ്റുകാര് കൈയ്യേറിയോ' എന്ന് ചോദിച്ച സീതിഹാജി. തണ്ണിമത്തന്റെ ചുവന്ന ഭാഗം കളഞ്ഞ് പച്ചഭാഗം മാത്രം ഭക്ഷിച്ച് വിശപ്പു മാറ്റിയ സീതിഹാജി.. എന്ത് അബദ്ധം പറ്റിയാലും അവര്‍ സീതിഹാജിയുടെ പേരില്‍ ചാര്‍ത്തും. ആ ചാര്‍ത്തലിന് ഒരു അതിര്‍വരമ്പുമില്ലെന്നത് സത്യം. 'നിത്യജീവിതത്തിലെ മലപ്പുറം തമാശകള്‍ പിന്നീടു വെളിപ്പെടുത്താനായി അടുക്കി വെച്ചാല്‍ വിക്കിലീക്‌സുകാരനും തോറ്റുപോകു'മെന്ന് കേരളസംസ്‌കൃതി ആക്ടിങ് പ്രസിഡന്റ് ഫസല്‍ കിളിയാമന്നേലും പറയുന്നു, അനുഭവത്തില്‍ നിന്ന്.കോട്ടക്കുന്നില്‍ തലേദിവസത്തെ ആഘോഷ ബാക്കിപത്രങ്ങള്‍ തൂത്തുവാരാന്‍, മൈമൂനയും റാബിയയും ശോഭനയും അതിരാവിലെ തന്നെ ഹാജറുണ്ട്. കോട്ടക്കുന്നിന്റെ ബ്യൂട്ടീഷ്യന്‍മാര്‍. ഇതിന്റെ ഉച്ചിയില്‍ നിന്ന് നോക്കിയാല്‍ പട്ടണം ഒരു കലണ്ടര്‍ ചിത്രം പോലെ തെളിഞ്ഞു നില്‍ക്കുന്നത് കാണാം. ഓണത്തിനും പെരുന്നാളിനും ക്രിസ്തുമസിനും ഇതു തന്നെ നാട്ടുകാരുടെ ഇഷ്ടലൊക്കേഷന്‍. 'ആറേഴുവര്‍ഷേ ആയുള്ളൂ, ഈ പാര്‍ക്ക് തൊടങ്ങീറ്റ്. അന്നുമുതല് ഞങ്ങള് ഇവിടെയുണ്ട്.' മൂന്ന് ബ്യൂട്ടീഷന്‍മാരും വിശദീകരിക്കുന്നതിനിടയില്‍ ഫോട്ടോയ്ക്കും പോസ് ചെയ്തു.

അഭിനേത്രിയുടെ കഥ

ഒരു കാര്യം ഉറപ്പാണ്. മീഡിയകളും മറ്റും വ്യാപകമായതിനാല്‍ മലപ്പുറത്തുകാരനും ഭാഷയൊന്ന് പരിഷ്‌ക്കരിക്കാന്‍ ശ്രമിച്ചിട്ടുണ്ട്. എങ്കിലും അവിചാരിതമായി വരുന്ന കൂട്ടുകാരന്റെ ഫോണ്‍ കോളുകള്‍ക്ക് ആളടുത്തുള്ളതോര്‍ക്കാതെ മറുപടി പറയുന്നു. 'എന്താ, ചെങ്ങായി? ജ്ജ് കൊറേയായല്ലോ വിളിച്ചിട്ട്? ഇപ്പോ എത്തിനാ പരിപാടി?' മലപ്പുറം ബസിലൂടെ യാത്ര ചെയ്യുമ്പോഴാവും ഈ കാര്യം നിങ്ങളുടെ ശ്രദ്ധയില്‍ പെടുക. ബസില്‍ ടിക്കറ്റ് മുറിക്കുന്ന ഏര്‍പ്പാട് ഏതായാലും ഇവിടെ ഇല്ല. ബസ് മുതലാളിയ്ക്ക് ചെക്കറേയും ചെക്കര്‍ക്ക് കണ്ടക്ടറേയും കണ്ടക്ടര്‍ക്ക് യാത്രക്കാരനേയും പരിപൂര്‍ണവിശ്വാസമാണ്.

മഞ്ചേരിയില്‍ വെച്ച് നിലമ്പൂരേക്കുള്ള ബസ് യാത്രയില്‍ അവിചാരിതമായി കൂടെ കൂടിയ ഷംസീറിന് നിലമ്പൂരില്‍ കാലെടുത്തു കുത്തണമെങ്കില്‍ ചുരുങ്ങിയത് തന്റെ ടീഷര്‍ട്ടെങ്കിലും ഊരി വയ്‌ക്കേണ്ടി വരും. 'പെങ്ങളെ കെട്ടിയ വകയില്‍ തരാനുള്ള സ്ത്രീധനകാശ് എപ്പോള്‍ തരും അളിയോ?' എന്നാണ് ഷംസീറിന്റെ ടീഷര്‍ട്ട് ചോദ്യം. ഇതുമിട്ടോണ്ട് എങ്ങനെ സമ്പൂര്‍ണ സ്ത്രീധനനിരോധനഗ്രാമമായ നിലമ്പൂരില്‍ ചെല്ലും? തേക്കുമ്യൂസിയവും പ്രകൃതിരമണീയ കാഴ്ചകളും കാടുകള്‍ക്കിടയിലൂടെയുള്ള ട്രെയിന്‍ യാത്രയും കഴിഞ്ഞാല്‍ ഇതാണ് പുതിയ വാര്‍ത്ത. എങ്കിലും ഇടത്തരക്കാരില്‍ ഇതൊക്കെ പൂര്‍ണമായി പാലിക്കപ്പെടുന്നുണ്ടോ എന്ന സംശയമാണ് സാമൂഹ്യപ്രവര്‍ത്തക അഡ്വ. സുജാത വര്‍മയ്ക്കുള്ളത്.'സ്ത്രീധനപ്രശ്‌നങ്ങള്‍ കുറഞ്ഞിട്ടുണ്ടെങ്കിലും ഇടത്തരക്കാരില്‍ അനൗദ്യോഗിക വിവാഹമോചനങ്ങളും മറ്റും ധാരാളമായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്.' സുജാത തന്റെ കേസ് ഡയറിയുടെ താളുകള്‍ മറിച്ചു.'ആദ്യകാലങ്ങളില്‍ 'ദേ വന്നിരിക്കുന്നു കേരള നൂര്‍ജഹാന്‍!' എന്ന് പരിഹസിച്ചവരുണ്ടെങ്കിലും ഇപ്പോഴതെല്ലാം പഴങ്കഥയായി മാറിയതോര്‍ത്ത് കാലത്തിന്റെ മാന്ത്രികതയില്‍ അത്ഭുതപ്പെടുന്നു കലാകാരിയും അഭിനേത്രിയുമായ നിലമ്പൂരിന്റെ സ്വന്തം ആയിഷ. 'മുമ്പ് നാടകവുമായി നടക്ക്‌ന്നേരം എയര്‍ ഗണ്‍ ഉപയോഗിച്ച് കൊല്ലാന്‍ ശ്രമിച്ചവര്‍ വരെയുണ്ട്. ഇന്ന് പക്ഷേ, കലയും അഭിനയവുമെല്ലാം നാട്ടുകാര്‍ക്ക് പെരുത്തിഷ്ടാണ്.' കലാസ്വാദനത്തില്‍ വന്ന പുത്തന്‍ മാറ്റങ്ങളെപ്പറ്റി വിശദീകരിക്കുമ്പോള്‍ അവര്‍ക്ക് നൂറു നാവ്. 'ജ്ജ് നല്ലൊരു മനിസനാകാന്‍ നോക്ക്'എന്ന ആദ്യനാടകത്തില്‍ അഭിനയിക്കുമ്പോള്‍ സ്ത്രീകളുമായി നല്ല പരിചയം വേണം എന്ന സംവിധായകന്റെ നിര്‍ദേശം അനുസരിക്കാന്‍ പോയ കഥ ഇപ്പോഴും ഓര്‍ക്കുന്നു. സീന്‍ തുടങ്ങുന്നതിനു മുമ്പ് സദസിലെ സ്ത്രീകള്‍ക്കിടയില്‍ പോയി ഇരുന്നു. അടുത്തിരിക്കുമ്പോഴെല്ലാം അവര്‍, നീങ്ങിയിരിക്കുകയാണ്. പിന്നെയാണ് മനസിലായത്. അവര് സ്ത്രീവേഷം കെട്ടിയ പുരുഷന്‍മാരായിരുന്നെന്ന്!'

ഒരു തിരുവാതിര ചവിട്ടിയ കഥ

പൊന്നാനിയിലെ നൂറ്റാണ്ടുകള്‍ പഴക്കമുള്ള പള്ളി കണ്ടുകഴിഞ്ഞാല്‍ പൊന്നാനിപ്പുഴയും ജങ്കാറും കയറി, തിരൂരിലുള്ള വാഗണ്‍ ട്രാജഡിയിലെ 44 ശുഹദാക്കളെ അടക്കം ചെയ്ത കോരങ്ങത്ത് ജുമാമസ്ജിദിലെത്താം. മാപ്പിള ലഹളയുടെ പ്രതീകങ്ങള്‍. അതിനരികിലെ വാഗണ്‍ ട്രാജഡി സ്വാതന്ത്ര്യസമരസ്മാരക സമുച്ചയത്തിലെ കലാപരിപാടികളുടെ ആരവത്തിനിടയിലായിരുന്നു ഒരു കൂട്ടം സുന്ദരികള്‍. ഫോട്ടോയ്ക്കു പോസ് ചെയ്യാമോ എന്നു ചോദിച്ചപ്പോള്‍ തിരുവാതിരച്ചുവടുകള്‍ വെച്ച്, തട്ടമിട്ട് മുടി മറച്ച് നുസ്‌റത്തും റഫിയയും, ഷബീനയും അഫ്‌നത്തും ഷീബയും താളത്തില്‍ ചവിട്ടി. 'ഇങ്ങള് നേരത്തെ വന്നിരുന്നെങ്കില് ഇവര് ഒപ്പനവേഷത്തിലായിരുന്നു. ദേ, ഇപ്പം അഴിച്ച്‌വെച്ച് ഇത് കെട്ടിയതേയുള്ളൂ.' പരിപാടികളുടെ സംഘാടകരിലൊരാളായ ടെക്‌മോസിസ് ഐ ടി അക്കാദമി അധ്യാപകന്‍ ക്ലെയറിന്റെ വാക്കുകളില്‍ മലയോളം സഹകരണമനോഭാവം.


ശരിയാണ്. നാട്ടുകാരുടെ ഈ സ്‌നേഹവും പരിചരണവും കാണുമ്പോള്‍ ഇവിടെ നിന്ന് സ്ഥലംമാറ്റത്തിന് അപേക്ഷിക്കാന്‍ നൂറ്റൊന്നാവര്‍ത്തി ചിന്തിക്കുമെന്ന് പറഞ്ഞ കോട്ടയത്തുകാരന്‍ നൗഫലിനെ കുറ്റപ്പെടുത്താന്‍ കഴിയുകയേയില്ല!