M@@Nu Pathappiriyam
Manjeri

Facebook Badge

Wednesday, March 14, 2012


March 14, 2012

54 Photos




വേള്‍ഡ് പ്രസ് അസ്സോസിയേഷന്‍ എല്ലാ വര്‍ഷവും ജനുവരി തൊട്ട് ഡിസംബര്‍ വരെ കാലയളവില്‍ പുറത്തിറങ്ങിയ ചിത്രങ്ങളില്‍ ഏറ്റവും മികച്ചതൊന്ന് തിരഞ്ഞെടുക്കുക പതിവുണ്ട്. ആംസ്റ്റര്‍ഡാമില്‍ വെച്ചാണ് ചിത്രപ്രഖ്യാപനം നടത്തുക. 1955 മുതല്‍ വേള്‍ഡ് പ്രസ് അസ്സോസിയേഷന്‍ തിരഞ്ഞെടുത്ത മികച്ച ചിത്രങ്ങള്‍ ചുവടെ.
1955.
ലോകമോട്ടോര്‍ ക്രോസ് ചാമ്പ്യന്‍ഷിപ്പ്, ഡെന്മാര്‍ക്ക്. ഒരു മല്‍സരാര്‍ത്ഥി മോട്ടോര്‍ സൈക്കിളില്‍ നിന്ന് മറിഞ്ഞുവീഴുന്നു.(ഫോട്ടോ: മോഗെന്‍സ് വോണ്‍ ഹേവന്‍ (Photo: Mogens von Haven)


1956
രണ്ടാം ലോകമഹായുദ്ധകാലത്ത് സോവിയറ്റ് യൂണിയന്റെ പിടിയിലകപ്പെട്ട ജര്‍മ്മന്‍ തടവുകാരന്‍ മോചിതനായ ശേഷം മകളെ കാണുന്നു. നീണ്ട വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള സമാഗമം. ഒരു വയസ്സിന് ശേഷം അവള്‍ അച്ഛനെ കണ്ടിട്ടില്ല.(Photo: Helmuth Pirath)


1957.
വര്‍ണ്ണവിവേചനം നിര്‍ത്തലാക്കിയതിന് ശേഷം നോര്‍ത്ത് കാരോലിനയിലെ ഹാരി ഹാര്‍ഡിംഗ് സ്‌കൂളിലേക്ക് ഡോറോത്തി കൗണ്ട്‌സ് എന്ന കറുത്ത വംശജയായ പെണ്‍കുട്ടി ആദ്യദിവസം നടന്നുവരവെ വെള്ളക്കാരാല്‍ അപമാനിക്കപ്പെടുന്നു. (Photo: Douglas Martin)


1958.
ദേശീയ ഫുട്‌ബോള്‍ മല്‍സരം- സ്പാര്‍ട്ട പ്രേഗ് V/S ബ്രാറ്റിസ്ലാവ. സ്പാര്‍ട്ടയുടെ ഗോള്‍കീപ്പര്‍ മിറോസ്ലാവ് സ്ട്രവര്‍ട്‌നിക്കാണ് മഴയില്‍ നനഞ്ഞ് നില്ക്കുന്നത്. (Photo:Stanislav Tereba)



1959 മല്‍സരം നടത്തപ്പെട്ടില്ല. 

1960
ഓക്ടോബര്‍ 20-ന് ജപ്പാനിലെ വലതുപക്ഷവിദ്യാര്‍ത്ഥിയായ ഒട്ടോയ യാമഗുച്ചി എന്ന പതിനേഴുകാരന്‍ ജപ്പാന്‍ സോഷ്യലിസ്റ്റ് പാര്‍ട്ടി ചെയര്‍മാന്‍ ഇനെചിറോ അസാന്യുമയെ ടോക്കിയോവിലെ ഹിബിയ പ്രഭാഷണഹാളില്‍ വെച്ച് കുത്തിക്കൊലപ്പെടുത്തുന്നു. (Photo: Yasushi Nagao)


1962
വെനിസ്വലിയന്‍ പ്രക്ഷോഭം. പ്രസിഡണ്ട് ബെറ്റാന്‍കോര്‍ട്ടിനെതിരായ വെനിസ്വലിയന്‍ ഗറില്ല ഓര്‍ഗനൈസേഷന്റെ പ്രക്ഷോഭത്തിനിടെ മാരകമായ പരിക്കേറ്റ് മൃതാവസ്ഥയിലായ ഒരു പട്ടാളക്കാരന്‍ ലൂയിസ് പഡില്ലോയെന്ന പുരോഹിതനോട് പറ്റിച്ചേര്‍ന്ന് കിടക്കുന്നു. (Photo: Hector Rondon Lovera)


1963
തീ കൊളുത്തി സ്വയംഹൂതി ചെയ്യുന്ന ബുദ്ധസന്യാസിയായ തിച് ക്വാംഗ് ഡക്. ങോ ദിന്‍ ദിയെമിന്റെ കീഴിലുള്ള ദക്ഷിണ വിയറ്റ്‌നാം ഭരണകൂടം ബുദ്ധിസ്റ്റുകളെ പീഡിപ്പിക്കുന്നതില്‍ പ്രതിഷേധിച്ചാണ് തിച് ക്വാംഗ് ഡക് ആത്മഹത്യ ചെയ്തത്. (Photo: Malcolm W Browne)


1964.
തുര്‍ക്കിക്കാരിയായ യുവതി ഭര്‍ത്താവിന്റെ മൃതശരീരത്തിനരികെ നിന്ന് വിലപിക്കുന്നു. ഗ്രീക്ക്- തുര്‍ക്കി യുദ്ധത്തിന്റെ ഇര.. (Photo: Don McCullin)


1965.
വിയറ്റ്‌നാം യുദ്ധം- യുഎസ് ബോംബിംഗില്‍ നിന്ന് രക്ഷ നേടാന്‍ ദക്ഷിണ വിയറ്റ്‌നാമിലെ ലോക് തൊങി പ്രവിശ്യയിലെ നദി നീന്തിക്കടക്കാന്‍ ശ്രമിക്കുന്ന ഒരമ്മയും മക്കളും. (Photo:Kyoichi Sawada)


1966.
വിയറ്റ്‌നാം യുദ്ധം. ഫിബ്രവരി 24- അമേരിക്കന്‍ പട്ടാളം എം 113 ആംമ്ഡ് പേഴ്‌സണല്‍ കാരിയറില്‍ വിയറ്റ്‌കോംഗ് നേതാവിന്റെ മൃതദേഹം വലിച്ചിഴച്ച് കൊണ്ടുപോവുന്നു. (Photo: Kyoichi Sawada)


1967.
വിയറ്റ്‌നാം യുദ്ധം- എം 48 പാറ്റോണിന്റെ കമ്മാന്‍ഡര്‍ ലെന്‍സിലൂടെ പുറം ലോകം വീക്ഷിക്കുന്നു. വേള്‍ഡ് പ്രസ് അസ്സോസിയേഷന്‍ അവാര്‍ഡ് സ്വന്തമാക്കിയ ആദ്യകളര്‍ ചിത്രമാണിത്. (Photo: Co Rentmeester)


1968.
വിയറ്റ്‌നാം യുദ്ധം- ഫെബ്രവരി 1- തടവിലാക്കപ്പെട്ട വിയറ്റ് കോംഗ് നേതാവ് ഗ്യുയെന്‍ വാന്‍ യെമിനെ സായിഗെനില്‍ വെച്ച് ദക്ഷിണ വിയറ്റ്‌നാം പോലീസ് മേധാവി ഗുയെന്‍ ഗോക് യ്യ്യോന്‍ വധിക്കുന്നു. (Photo: Eddie Adams)


1969.
ബ്രിട്ടീഷ് സൈന്യവുമായുള്ള ചെറുത്തുനില്പിനുശേഷം ഗ്യാസ് മാസ്‌ക് ധരിച്ച് നില്ക്കുന്ന ഐറിഷുകാരിയായ കാത്തോലിക് യുവതി. ചുമരില്‍ വീ വാണ്ട് പീസ്. (Photo:Hanns Jorg Anders)



1970: മല്‍സരം നടത്തപ്പെട്ടിട്ടില്ല.

1971.
സാര്‍ബ്രക്കണിലെ ബാങ്ക് കൊള്ള. പോലീസും കൊള്ളക്കാരും തമ്മിലുണ്ടായ ഏറ്റുമുട്ടലും വെടിവെപ്പും. (Photo: Wolfgang Peter Geller)


1972.
വിയറ്റ്‌നാം യുദ്ധം.
ലോകത്തെ നടുക്കിയ ഇന്നും ഞെട്ടിപ്പിച്ച് കൊണ്ടിരിക്കുന്ന ചിത്രം. തെക്കന്‍ വിയറ്റ്‌നാമിലെ റ്റ്രാങ്ക് ബാങ്ക് ഗ്രാമത്തില്‍ നിന്നും നാപാം ബോംബാക്രമണത്തില്‍ നിന്ന് രക്ഷനേടുവാനായി ഉടുതുണി കത്തിവീണ് നഗ്‌നയായി നിലവിളിച്ച് ഓടുന്ന ഒന്‍പത് വയസ്സുള്ള പാന്‍ തി കിം ഫുക് എന്ന പെണ്‍കുട്ടി. (Nick Ut)


1973.
സപ്തംബര്‍ 11.
ജനറല്‍ മേജര്‍ പിനോഷെയുടെ സൈനികബലം വീക്ഷിക്കുന്ന ചിലിയന്‍ ഭരണാധികാരി സാല്‍വദോര്‍ അലന്‍ഡെ. അലന്‍ഡെ കൊല്ലപ്പെടുന്നതിന് മണിക്കൂറുകള്‍ക്കുമുമ്പ് എടുത്ത ചിത്രം. സി.ഐ.എ.യുടെ പിന്തുണയോടെ സൈനിക മേധാവിയായ മേജര്‍ പിനോഷെ അട്ടിമറി നടത്തിക്കൊണ്ട് അദ്ദേഹത്തെ അധികാരഭ്രഷ്ടനാക്കി. സൈന്യം ലാമൊനേഡ കൊട്ടാരം വളഞ്ഞപ്പോള്‍ അലന്‍ഡെ ചിലിയന്‍ റേഡിയോയിലൂടെ നടത്തിയ ചരിത്രപ്രസിദ്ധമായ തന്റെ വിടവാങ്ങല്‍ പ്രസംഗം നടത്തുകയുണ്ടായി. വെടിയൊച്ചയുടെ പശ്ചാത്തലത്തില്‍ ചിലിയന്‍ റേഡിയോവില്‍ അത് പ്രക്ഷേപണം ചെയ്തു. ചിലിയും അവിടത്തെ തൊഴിലാളികളും നീണാള്‍ വാഴട്ടെ എന്ന മുദ്രാവാക്യങ്ങളോടെയാണ് അലന്‍ഡെ തന്റെ പ്രസംഗം അവസാനിപ്പിച്ചത്. നിമിഷങ്ങള്‍ക്കുള്ളില്‍ അലന്‍ഡെ സൈന്യത്തിന്റെ പിടിയിലാവുകയും വധിക്കുകയും ചെയ്തു. (ഫിഡല്‍ കാസ്‌ട്രോ സമ്മാനിച്ച തോക്കെടുത്ത് അദ്ദേഹം ആത്മഹത്യ ചെയ്യുകയായിരുന്നു എന്നാണ് പിനോഷെ ഭരണകൂടം ലോകത്തെ അറിയിച്ചത്). ഈ ഫോട്ടോയെടുത്തത് താനാണെന്ന് അവസാനകാലം വരെ ഓര്‍ലാന്റെ ലാഗോസ് വെളിപ്പെടുത്തിയില്ല. മരിക്കുന്നതിന് ഒരു മാസം മുമ്പ് ഫെബ്രവരി 2007-ന് തന്റെ ക്യാമറയിലാണ് അലന്‍ഡെയുടെ അവസാനനിമിഷങ്ങള്‍ പതിഞ്ഞതെന്ന് പറഞ്ഞുകൊണ്ടായിരുന്നൂ ലാഗോസിന്റെ വിട വാങ്ങല്‍. (Orlando Lagos)


1974.
പട്ടിണിയുടെ മുഖങ്ങള്‍. ഒരമ്മ മകളെ ചേര്‍ത്തുനിര്‍ത്തുന്നു. നൈഗറിലെ വരള്‍ച്ചയുടെ കറുത്തചിത്രം. (Ovie Carter)


1975.
ബോസ്റ്റണ്‍ അപ്പാര്‍ട്ടുമെന്റിലുണ്ടായ തീപ്പിടുത്തത്തില്‍ നിന്ന് രക്ഷപ്പെടാന്‍ മകളെയുമെടുത്ത് താഴേക്ക് ചാടുന്ന അമ്മ. അമ്മ തല്‍ക്ഷണം മരണപ്പെട്ടു. (Stanley Forman)


1976.
ജനുവരി 1976- ബെയ്‌റൂട്ടിലുണ്ടായ ആഭ്യന്തരകലാപത്തെ തുടര്‍ന്ന് പലായനം ചെയ്യുന്ന പലസ്തീനിയന്‍ അഭയാര്‍ത്ഥികള്‍.(Francoise Demulder)


1977.
കേപ്പ് ടൗണിലെ തങ്ങളുടെ ഭവനങ്ങള്‍ നശിപ്പിച്ചതിനെതിരായി പ്രതിഷേധപ്രകടനം നടത്തിയ കറുത്തവര്‍ഗ്ഗക്കാര്‍ക്ക് നേര്‍ക്ക് ദക്ഷിണാഫ്രിക്കന്‍ പോലീസ് ടിയര്‍ ഗ്യാസ് പ്രയോഗിക്കുന്നു. (Leslie Hammond)


1978.
ജപ്പാനിലെ പൊതുസമൂഹത്തിന്റെ ഒരു പാട് പ്രതിഷേധങ്ങള്‍ക്കൊടുവില്‍ 1978 മാര്‍ച്ച് 26-ന് ടോക്കിയോ നാരിറ്റ എയര്‍പോര്‍ട്ട് തുറന്നുകൊടുക്കപ്പെട്ടു. പ്രതിഷേധക്കാരും പോലീസും തമ്മില്‍ നിരവധി തവണ ഏറ്റുമുട്ടലുകളുണ്ടായി. 5 പോലീസുകാര്‍ ഉള്‍പ്പെടെ 13 പേര്‍ കൊല്ലപ്പെട്ടു. പ്രതിഷേധസമരദൃശ്യം. (Sadayuki Mikami)


1979.
സാ-കോയ് അഭയാര്‍ത്ഥിക്യാമ്പില്‍ ഭക്ഷണത്തിനായി കുഞ്ഞിനേയും ചേര്‍ത്തുപിടിച്ച് കാത്തിരിക്കുന്ന കമ്പോഡിയന്‍ സ്ത്രീ. (David Burnett)


1980.
ഏപ്രില്‍ 1980- വിശന്നുമരിക്കാറായ ഒരു ആഫ്രിക്കന്‍ കുട്ടിയുടെ കൈയ്യില്‍ കൈ ചേര്‍ക്കുന്ന ദുരിതാശ്വാസപ്രവര്‍ത്തകന്‍. വടക്കുകിഴക്കന്‍ ഉഗാണ്ടയില്‍ നിന്നാണ് ഈ ദാരുണദൃശ്യം. (Mike Wells)


1981.
ഫെബ്രവരി 23 1981- കൈയ്യില്‍ തോക്കും പിടിച്ച് സ്പാനിഷ് കോണ്‍ഗ്രസ് മെമ്പര്‍മാര്‍മാരോട് നിശബ്ദമായിരിക്കാന്‍ ആജ്ഞാപിക്കുന്ന ലഫ്‌ററണന്റ് കേണല്‍ ആന്റോണിയോ തേജ്‌റോ. പട്ടാളഅട്ടിമറി പരാജയപ്പെട്ടു. (Manuel Perez Barriopedro)


1982.
ലെബനോണ്‍ യുദ്ധം. സപ്തംബര്‍ 18, 1982- പലസ്തീനിയന്‍ അഭയാര്‍ത്ഥികളാണ് മരിച്ചുകിടക്കുന്നത്. (Robin Moyer)


1983.
ഓക്ടോബര്‍ 30. തുര്‍ക്കി ഭൂകമ്പം. മരണപ്പെട്ട തന്റെ അഞ്ച് മക്കള്‍ക്കരികിലിരുന്ന് വിലപിക്കുന്ന കെസ്ബാന്‍ ഒസര്‍. പുലര്‍ച്ചെ 5 മണിക്കായിരുന്നു ഭൂമി കുലുങ്ങിയത്. കെസ്ബാന്‍ ഒസറും ഭര്‍ത്താവും പശുക്കളെ കറക്കുന്നതിനായി പുറത്തായിരുന്നു. മരണവും കൊണ്ട് വന്ന സമയത്തിന്റെ കളിയില്‍ കെസ്ബാന്‍ ഒസറും ഭര്‍ത്താവും നിലവിളികളും മാത്രമായി. 7.1 റിക്ചര്‍ സ്‌കെയില്‍ രേഖപ്പെടുത്തിയ ഭൂകമ്പം 147 ഗ്രാമങ്ങളെ മറിച്ചിട്ടു. 1336 പേര്‍ മരണപ്പെട്ടു.(Mustafa Bozdemir)


1984.
ഭോപ്പാല്‍ ദുരന്തത്തിന്റെ നടുക്കുന്ന ഫ്രെയിം. 1984 ഡിസംബര്‍ 3ന് ഭോപ്പാലിലെ കീടനാശിനി നിര്‍മ്മാണശാലയായ യൂണിയന്‍ കാര്‍ബൈഡ് കമ്പനിയില്‍ നിന്ന് 42 ടണ്‍ മീതൈല്‍ ഐസോസയനേറ്റ് ചോര്‍ന്നു. 5 ലക്ഷത്തിലധികം മനുഷ്യരെ ബാധിച്ചു. ഔദ്യോഗിക കണക്കുകള്‍ പ്രകാരം ചോര്‍ച്ചയുണ്ടായ ഉടനെ 2,259 പേര്‍ മരിച്ചു. രണ്ടാഴ്ചക്കകം 8,000ല്‍ അധികം ആളുകള്‍ മരിച്ചതായി കണക്കാക്കപ്പെടുന്നു. മറ്റൊരു 8,000 മനുഷ്യര്‍ വിഷവാതകം കാരണമുണ്ടായ രോഗങ്ങള്‍ മൂലവും മരിച്ചു. വിഷവാതകം ശ്വസിച്ചതു മൂലമുണ്ടായ വിഷമതകളുമായി ജീവിച്ചിരിക്കുന്നവരെ കൂടി കണക്കിലെടുക്കുമ്പോള്‍ ഭോപ്പാല്‍ ദുരന്തം 15,000ല്‍ അധികം മനുഷ്യരുടെ ജീവിതം കൂടി കവര്‍ന്നെടുത്തതായി കണക്കാക്കേണ്ടി വരും.ലോകത്തിലെ ഏറ്റവും ദാരുണമായ വ്യാവസായിക ദുരന്തമായി ഭോപ്പാല്‍ ദുരന്തം കണക്കാക്കപ്പെടുന്നു. വര്‍ഷം 30 കഴിഞ്ഞിട്ടും ഭോപ്പാലിലെ ജനജീവിതം ഇന്നും ദുരിതപൂര്‍ണ്ണമായി തുടരുന്നു. പാബ്ലോ ബാര്‍ത്തലമോവ് എടുത്ത ഈ ചിത്രം വ്യവസായം വരുത്തി വെക്കുന്ന ദുരന്തങ്ങളുടെ നിത്യപ്രതീകമാകുന്നു. (Pablo Bartholomew)


1985.
ഒമരിയ സാഞ്ചസ്(12) , അര്‍മെരോ അഗ്നിപര്‍വ്വദുരന്തത്തിന്റെ ഇര. 60 മണിക്കൂറോളം ചതുപ്പിലകപ്പെട്ട് രക്ഷപ്പെടാനാവാതെ ഒമരിയ സാഞ്ചസ് മരണപ്പെട്ടു. (Frank Fournier)


1986.
അമേരിക്കക്കാരനായ എയ്ഡ്‌സ് രോഗി കീന്‍ മീക്‌സ്(42). (Alon Reininger)


1987.
ഡിസംബര്‍ 18. ക്യൂറോ, ദക്ഷിണ കൊറിയ. പോലീസുകാരന്റെ ഷീല്‍ഡില്‍ തല വെച്ച് അറസ്റ്റ് ചെയ്യപ്പെട്ട തന്റെ മകളെ വിട്ടുകിട്ടാനായി നിലവളിക്കുന്ന ഒരമ്മ. നവംബറിലെ തിരഞ്ഞെടുപ്പിന് ശേഷം അട്ടിമറി നടന്നുവെന്നാരോപിച്ച് ഭരണകൂടത്തിനെതിരെ ജനസമൂഹത്തിന്റെ വമ്പിച്ച പ്രതിഷേധം ദക്ഷിണ കൊറിയയില്‍ നടന്നിരുന്നു. (Anthony Suau)


1988.
അര്‍മേനിയന്‍ ഭൂകമ്പദുരന്തം. ബോറിസ് അബ്ഗാര്‍സ്യന്‍ തന്റെ പതിനേഴുകാരന്‍ മകന്റെ ശവപേടകത്തിന് മുകളില്‍ തല വെച്ച് കരയുന്നു. (David Turnley)


1989.
ടിയാന്‍മെന്‍ കൂട്ടക്കൊല. ഒരു പ്രക്ഷോഭകാരി പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയുടെ ടാങ്കുകള്‍ക്ക് മുന്നിലായി നിന്ന് കൊണ്ട് പ്രതിഷേധമുയര്‍ത്തുന്നു. ടിയാന്‍മെന്‍ ,ബീജിംഗ്. (Charlie Cole)


1990.
കൊസാവോ സംഘര്‍ഷം. കൊല്ലപ്പെട്ട എല്‍ഷാനി നാഷിമിന്റെ മൃതശരീരത്തിനരികിലിരുന്ന നിലവിളിക്കുന്ന നാഷിമിന്റെ കുടുംബവും അയല്‍ക്കാരും. (Georges Merillon)


1991.
ഗള്‍ഫ് യുദ്ധം. യുഎസ് സര്‍ജേന്റ് കെന്‍ കൊസാക്കിവിച്ച്(23) തന്റെ സഹഭടന്‍ ആന്‍ഡി അലാനിസിന്റെ മരണത്തില്‍ പൊട്ടിക്കരയുന്നു. (David Turnley)


1992.
സോമാലിയന്‍ വറുതി. പോഷകാഹാരക്കുറവ് മൂലം മരണപ്പെട്ട തന്റെ മകനെയെടുക്കുന്ന ഒരു സോമാലിയന്‍ യുവതി. വറുതിയുടെ തീക്കാഴ്ച. (James Nachtwey)


1993.
പലസ്തീനിയന്‍ തീവ്രവാദം. തങ്ങളുടെ കളിത്തോക്ക് ഉയര്‍ത്തിപ്പിടിച്ച് നില്ക്കുന്ന പലസ്തീനിയന്‍ കുട്ടികള്‍ .. (Larry Towell).


1994.
റുവാണ്ട. റെഡ് ക്രോസ് ഹോസ്പിറ്റലില്‍ പ്രവേശിക്കപ്പെട്ട ഒരു ഹുട്ടു യുവാവ്. ടുട്‌സ് വിപ്ലവാകിരകളോട് ആഭിമുഖ്യം പുലര്‍ത്തുന്നുവെന്ന് സംശയിച്ച് ഹുട്ടു ഇന്റഹാമി മിലിട്ടറി ഫോഴ്‌സിനാല്‍ പീഡിപ്പിക്കപ്പെടുകയായിരുന്നു ഈ യുവാവ്. (James Nachtwey).


1995.
ആദ്യ ചെചെയ്ന്‍ യുദ്ധം. അഭയാര്‍ത്ഥികളേയും വഹിച്ച് പോകുന്ന ബസ്സിന്റെ ചില്ലുഗ്ലാസ്സില്‍ കൈകളമര്‍ത്തി പുറംലോകത്തേക്ക് തുറിച്ചുനോക്കുന്ന കുട്ടി. (Lucian Perkins)


1996.
അംഗോളിയന്‍ ആഭ്യന്തരകലാപം. ലാന്റ് മൈനുകളാല്‍ അംഗവൈകല്യം സംഭവിച്ച ക്യോട്ടോയിലെ കുട്ടികള്‍. (Francesco Zizola)


1997.
അള്‍ജീരയയിലെ ബെന്റല്‍ഹയിലെ കൂട്ടക്കൊല. ഉറ്റവരെയോര്‍ത്ത് നിലവിളിക്കുന്ന യുവതി. (Hocine)


1998.
കൊസാവോ സംഘര്‍ഷം. കൊല്ലപ്പെട്ട കൊസവോ ലിബറേഷന്‍ ആര്‍മി ഭടന്റെ ഭാര്യയെ ബന്ധുക്കളും നാട്ടുകാരും ആശ്വസിപ്പിക്കുന്നു. (Dayna Smith)


1999.
കൊസാവോ യുദ്ധം. ആക്രമിക്കപ്പെട്ട അല്‍ബേനിയന്‍ അഭയാര്‍ത്ഥി. (Claus Bjorn Larsen)


2000.
യുഎസ് ഇമിഗ്രേഷന്‍. മെക്‌സിക്കന്‍ ഇമിഗ്രന്റ് കുടുംബത്തിലെ യുവതി ജീവിക്കാനായി പിനാക്യോ നിര്‍മാണത്തില്‍ .(Lara Jo Regan)


2001.
അഫ്ഗാനിസ്ഥാന്‍ അഭയാര്‍ത്ഥി ക്യാമ്പ്. ജല്‍സായ് അഭയാര്‍ത്ഥിക്യാമ്പില്‍ മരണപ്പെട്ട കുട്ടിയുടെ മൃതദേഹം അടക്കുന്നതിനായി തയ്യാര്‍ ചെയ്യുന്നു. (Erik Refner)


2002.
ഇറാനിലെ ഭൂകമ്പം. മരണപ്പെട്ട പിതാവിന്റെ ഉടുവസ്ത്രം ചേര്‍ത്തുപിടിച്ച് വിലപിക്കുന്ന കുട്ടി. (Eric Grigorian)


2003.
ഇറാഖ് യുദ്ധം. തന്റെ നാല് വയസ്സുകാരന്‍ മകനെ ചേര്‍ത്ത് പിടിച്ച് അന്‍ നജാഫിലെ യുഎസ് ആര്‍മിയുടെ നൂറ്റിയൊന്നാമത് എയര്‍ബോണ്‍ ഡിവിഷണില്‍ ഇരിക്കുന്ന ഒരു ഇറാഖിത്തടവുകാരന്‍. അച്ഛന്റെ മുഖത്ത് ധരിപ്പിക്കപ്പെട്ട മാസ്‌ക് മകനെ ഭയപ്പെടുത്തിയിരുന്നു. (Jean Marc Bouju)


2004
സുനാമി ദുരന്തം, ഇന്ത്യ. മരണം വിതച്ച് കടന്നുപോയ സുനാമിയ്ക്ക് ശേഷമുള്ള രണ്ടാം പകല്‍ മരണപ്പെട്ടവരെയോര്‍ത്ത് കടപ്പുറത്ത് ശിരസ് ചേര്‍ത്ത് വെച്ച് നിലവിളിക്കുന്ന യുവതി. കുഡ്ഡലോര്‍ , തമിഴ് നാട്. (Arko Datta)


2005.
ദുരിതാശ്വാസക്യാമ്പില്‍ ഭക്ഷണത്തിനായി കാത്തിരിക്കുന്ന അമ്മയും മകനും.- നൈഗര്‍ , ആഫ്രിക്ക.
ഭക്ഷ്യക്ഷാമം ദാരിദ്ര്യവും മൂലം വറുതിയുടെ മരുഭൂമിയായിരിക്കുന്നൂ നൈഗര്‍ . (Finbarr O'Reilly)


2006.
ലെബനോണ്‍ യുദ്ധം. ബോംബാക്രമണത്തിനിരയായ പട്ടണത്തിലൂടെ യാത്ര ചെയ്യുന്ന ലെബനീസ് യുവത്വം. (Spencer Platt)


2007.
അഫ്ഗാനിസ്ഥാന്‍ യുദ്ധം. മുറിവേറ്റ ഒരു അമേരിക്കന്‍ പട്ടാളക്കാരന്‍. (Tim Hetherington).


2008.
അമേരിക്കയുടെ സാമ്പത്തികപ്രതിസന്ധിയുടെ ഉള്ളറകളിലേക്ക് കാഴ്ച തുറക്കുന്ന ചിത്രം. ഭവനവായ്പ തിരിച്ചടക്കാനാവാതെ ഒഴിഞ്ഞുപോയ കുടുംബത്തിന്റെ വീട് പരിശോധിക്കുന്ന ഡിറ്റക്ടീവ് റോബോര്‍ട്ട് കോള്‍ . (Anthony Suau)


2009.
ഇറാനിയന്‍ പ്രസിഡണ്ട് തിരഞ്ഞെടുപ്പിനെതിരെ പ്രതിഷേധമുയര്‍ത്തുന്ന ഒരു ഇറാന്‍ യുവതി. (Pietro Masturzo)


2010.
സ്ത്രീകള്‍ക്ക് നേരെയുള്ള താലിബാന്‍ കടന്നുകയറ്റത്തിന്റെ കറുത്ത ദൃശ്യം. ബിബി ആയിഷ(18), ആയിഷയ്ക്കു 12 വയസുള്ളപ്പോള്‍ നാലിരട്ടി പ്രായമുള്ള ഒരു താലിബാന്‍പോരാളിക്ക് അവളെ വിവാഹം ചെയ്ത് കൊടുക്കാന്‍ പിതാവ് തീരുമാനിച്ചു. കടം വീട്ടാന്‍ നിവൃത്തിയില്ലാതെ വന്നതോടെയാണ് അയാള്‍ ഇങ്ങനെ ചെയ്തത്. വിവാഹിതയായ ആയിഷയ്ക്ക് ഭര്‍തൃവീട്ടില്‍ കൊടിയ പീഡനമാണ് അനുഭവിക്കേണ്ടിവന്നു. വീട്ടിലെ വളര്‍ത്തുമൃഗങ്ങള്‍ക്കൊപ്പം രാത്രികാലം കഴിച്ചുകൂട്ടാന്‍ അവള്‍ പല നേരങ്ങളിലും നിര്‍ബന്ധിതയായി. പീഡനം സഹിക്കവയ്യാതെ ഒളിച്ചോടിയ ആയിഷയെ താലിബാന്‍കാര്‍ പിടികൂടി. കോടതിനിര്‍ദ്ദേശപ്രകാരം അവളുടെ ഭര്‍ത്താവിനെക്കൊണ്ട് അവളുടെ മൂക്കും ചെവികളും ഛേദിച്ച് പര്‍വതമേഖലയില്‍ ഉപേക്ഷിച്ചു. മരണത്തോടു മല്ലിട്ടു കിടന്ന ആയിഷ സുബോധം തിരിച്ചുവന്നപ്പോള്‍ വലിയച്ഛന്റെ വീട്ടിലെത്തി. ഇദ്ദേഹം അവളെ അമേരിക്കന്‍സേനയുടെ നിയന്ത്രണത്തിലുള്ള ആശുപത്രിയിലെത്തിച്ചു. പത്ത് ആഴ്ചയോളം ചികില്‍സ നല്‍കിയശേഷം ആയിഷയെ കാബൂളിലെ അമേരിക്കന്‍എംബസിയിലെത്തിക്കുകയും ഗ്രോസ്മാന്‍ ബേണ്‍ ഫൗണേ്ടഷന്‍ അവളെ ദത്തെടുത്ത്് അമേരിക്കയിലേക്ക് കൊണ്ടുപോയി.(Jodi Bieber)


2011.
യെമനിലെ പ്രതിരോധം. ഓക്ടോബര്‍ 15.
യെമന്‍ പ്രസിഡണ്ട് അലി അബ്ദുള്ള സലേക്കെതിരായ പ്രതിഷേധം നടത്തുന്നതിനിടെ പരിക്കേറ്റ ബന്ധുവായ ചെറുപ്പക്കാരനെ പള്ളിക്കകത്തിരുന്ന് ആശ്വസിപ്പിക്കുന്ന യുവതി.(Samuel Aranda)



(കടപ്പാട്: വേള്‍ഡ് പ്രസ് അസ്സോസിയേഷന്‍ )